കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചും ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത മുസ് ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറിനെ അഭിനന്ദിച്ചും കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ. ബ്രാഹ്മണ്യത്ത ിനെതിരായ യഥാർഥ പോരാട്ടമായ സംവരണത്തിന്‍റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക് കെട്ടാണെന്ന് ബൽറാം കുറ്റപ്പെടുത്തി.
അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണരുടെ നഷ്ടപ്രതാപത്തെ കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം ചൂണ്ടിക്കാട്ടുന്നു. ബില്ലിനെ എതിർത്ത ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്‍റെ തെരഞ്ഞെടു പ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ബൽറാം കൂട്ടിച്ചേർത്തു.
< strong>ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണം:
ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.
ബ്രാഹ്മണ്യത്തിനെതിരായ യഥാർഥ പോരാട്ടമായ സംവരണത്തിന്‍റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തെ കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!
ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.
സംവരണ ബില്ലിനെതിരെ എതിർത്ത് ഇ.ടി. മുഹമ്മദ് ബഷീർ നടത്തിയ പ്രസംഗം:
ആരോഗ്യകരമായ എല്ലാ പാര്‍ലമെന്‍ററി ചര്‍ച്ചകളും മാറ്റിവെച്ച് നാടകീയമായ രീതിയിലുള്ള ഈ നിയമനിര്‍മാണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഏതൊരു ബില്ലിനും ചില ലക്ഷ്യവും കാരണവും പ്രതിപാദിക്കാറുണ്ട്. പക്ഷെ ഈ ബില്ലിന്‍റെ ലക്ഷ്യവും കാരണവും നല്‍കിയത് തന്നെ വസ്തുതകള്‍ക്ക് വിരുദ്ധമായാണ്. ഈയൊരു ബിൽ കൊണ്ട് വരാനുള്ള സാഹചര്യം തന്നെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്, അതിനെ മുന്നില്‍ കണ്ടു കൊണ്ട് മാത്രമാണ് ഈ ബിൽ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സാമൂഹികപരമായും വിദ്യാഭ്യാസപരമായുള്ള അധികാരങ്ങളില്‍ നിന്ന് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരിക എന്നതാണ് സംവരണത്തിന്‍റെ കാതല്‍. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന അടിച്ചമര്‍ത്തപ്പെട്ട, അസമത്വരായ, വിവേചനം നേരിടുന്ന വിഭാഗങ്ങളെ പരിഗണിക്കുക എന്നതാണ് സംവരണത്തിന്‍റെ ഉദ്ദേശം തന്നെ.
പുതിയ നിയമനിര്‍മാണത്തിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളായ 15ഉം 16ഉം ഭേദഗതി വരുത്തി 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടു വരികയാണ്. സാമ്പത്തിക സംവരണം കൊണ്ടു വരിക എന്നത് തന്നെ സംവരണത്തിന്‍റെ പൊരുളിനെതിരാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇപ്പോഴും പ്രശ്നങ്ങളിലും ദുരിതത്തിലുമാണ്. നിരവധി കമീഷനുകളും അവരുടെ നിര്‍ദ്ദേശങ്ങളും ഈ പിന്നോക്കാവസ്ഥയെ സംബന്ധിച്ചുണ്ട്. 1979ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ രണ്ടാം പിന്നാക്ക കമീഷനെ നിയോഗിച്ചു. 1983ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തില്‍ ഗോപാല്‍ സിങ് കമീഷന്‍ അതിന് ശേഷം സച്ചാര്‍ കമീഷന്‍, ജഗന്നാഥ് മിശ്ര കമൂഷന്‍ റിപ്പോര്‍ട്ട് അതിന് ശേഷം പ്രഫസര്‍ കുണ്ടു കമീഷന്‍ റിപ്പോര്‍ട്ട്... ഈ കമീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം ചൂണ്ടികാണിക്കുന്നത് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങള്‍ അതീവ ദയനീയ സ്ഥിതിയിലാണ് എന്ന് തന്നെയാണ്.
ഈ കമീഷനുകളെല്ലാം തന്നെ ഉറപ്പിച്ചു പറഞ്ഞത് സംവരണമാണ് ഇതിനെല്ലാം ആകെ പരിഹാരം എന്ന് തന്നെയാണ്. നിങ്ങളെല്ലാം ഇന്ദ്ര സൊഹാനി കേസിനെ കുറിച്ചാണല്ലോ സംസാരിച്ചത്, സംവരണത്തെ കുറിച്ചുള്ള ഏറ്റവും പ്രാധാന്യമേറിയ അടയാളപ്പെടുത്തിയ ഒന്നായിരുന്നു മണ്ഡല്‍ കമീഷനോട് അനുബന്ധിച്ച ഇന്ദ്ര സൊഹാനി കേസ്. സംവരണം അനുവദിക്കാന്‍ ഒരിക്കലും സാമ്പത്തിക സ്ഥിതി മാനദണ്ഡമാക്കരുതെന്ന് കൃതൃമായി തന്നെ കോടതി ആ കേസിലെ വിധിയില്‍ പറയുന്നുണ്ട്. എന്ന് മാത്രമല്ല സാമ്പത്തികം സംവരണത്തിന് മാനദണ്ഡമാക്കുക വഴി അധികാരശ്രേണിയെ വീണ്ടും ഉയര്‍ത്തുകയേ ചെയ്യൂവെന്നും സാമൂഹിക ക്രമത്തില്‍ കുത്തകവകാശം സ്ഥാപിക്കാന്‍ സഹായിക്കുക വഴി സംവരണത്തിന്‍റെ ലക്ഷ്യത്തിന് എതിരാകുമെന്നും ജഡ്ജ് സാവന്ത് വിധി ന്യായത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ഈ നീക്കം കോടതിയും അംഗീകരിക്കില്ല.
എനിക്ക് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്, നിങ്ങളെല്ലാവരും ഉയര്‍ത്തുന്നത് മുന്നാക്ക വിഭാഗങ്ങള്‍ക്കും പ്രശ്നങ്ങളും സങ്കടങ്ങളുമുണ്ടെന്നാണല്ലോ. അത് പരിഹരിക്കുക എന്നത് നീതിയല്ലേയെന്നാണല്ലോ ചോദിക്കുന്നത്. ആരും അതിനെ എതിര്‍ക്കുന്നില്ല, പക്ഷേ സംവരണം എന്തെന്ന് നിങ്ങള്‍ മനസിലാക്കണം. മുന്നാക്ക വിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളും തമ്മിലുള്ള തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ അന്തരം കുറക്കുകയെന്നതാണ് സംവരണത്തിന്‍റെ ഉദ്ദേശം. അതുകൊണ്ട് പ്രാധാന്യം അതിനാണ് നല്‍കേണ്ടത്. ഇതൊരു ദാരിദ്ര നിര്‍മാര്‍ജന പരിപാടിയല്ല, അതിന് നിരവധി പദ്ധതികളും പരിപാടികളുമുണ്ട്, അത് ചെയ്യണം. ഞങ്ങള്‍ ഒരു മുന്നാക്ക-പിന്നാക്ക വിഭാഗത്തിനും എതിരല്ല. പക്ഷെ നിങ്ങള്‍ തൊഴില്‍പരമായ, വിദ്യാഭ്യാസപരമായ പിന്നാക്ക വിഭാഗത്തിന്‍റെയും മുന്നാക്ക വിഭാഗത്തിന്‍റെയും പ്രാതിനിധ്യം പരിശോധിക്കണം. അത് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് വസ്തുത മനസിലാകും. എല്ലാവിധ ആനുകൂല്യങ്ങളും പ്രയോജനങ്ങളും കൂടുതല്‍ അനുഭവിക്കുന്നത് പിന്നാക്ക വിഭാഗമല്ലെന്ന് മനസിലാകും. ഇതൊരു വസ്തുതയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്.
ഏറ്റവും അവസാനമായി എനിക്ക് പറയാനുള്ളത്, നമ്മള്‍ ഒരു നിയമനിര്‍മാണം നടത്താനാണ് പോകുന്നത്. അതിന് മുതിരും മുന്‍പ് അതിന്‍റെ പ്രശ്നങ്ങള്‍ നാം മനസിലാക്കണം. ഇന്ത്യ സംവരണ വിഷയത്തില്‍ ഇതിന് മുമ്പ് പലതിനും സാക്ഷിയായതാണ്. മണ്ഡല്‍-മസ്ജിദ് പ്രശ്നം ഇതിന് ഒരുദാഹരണമാണ്. അതെല്ലാം നമ്മുക്കറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് നാമിതിന് മുതിരുന്നത്. ഗൂഢോദ്ദേശ്യത്തോടെയുള്ള ഈ നടപടിയില്‍ നിന്ന് പിന്മാറണമെന്നാണ് എനിക്ക് സര്‍ക്കാറിനോട് ബഹുമാനപൂര്‍വം ആവശ്യപ്പെടാനുള്ളത്. വിവേകപരമായ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഈ ബിൽ പിന്‍വലിക്കുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.