കോഴിക്കോട്: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം എഴുതിയ ഫേസ് ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്. ``നീരവ് മോദി, ലളിത് മോദി, പ്രധാന മോദി, പേരിൽ മാത്രമല്ല ഈ മഹാന്മാർ തമ്മിൽ സാമ്യം''മെന്നാണ് വി.ടി. ബൽറാമിന്റെ കുറിപ്പ്.
എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത്, മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ചാണ് ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് സി.ജെ.എം കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി അന്നത്തെ പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് കോടതിയിലെത്തിയത്. കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയ കോടതി രണ്ട് വർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.
അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. രാഹുലിന് ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്. എന്നാൽ, വിധി വന്നതിനെ തുടർന്ന് രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ വാക്കുകളാണ് ട്വീറ്റ് ചെയ്തത്. അതിങ്ങനെ `` സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിംസയാണ് അതിലേക്കുള്ള മാർഗം''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.