കൊച്ചി: കൊച്ചിയുടെ ഏറെക്കാലത്തെ സ്വപ്നമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പാലങ്ങളുടെ ഉദ്ഘാടനം നടന്നത്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമിക്കുന്ന വൈറ്റില ൈഫ്ലഓവർ, ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന സർക്കാറിന്‍റെ പ്രതിനിധിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം മുടങ്ങിക്കിടന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞു എന്നതിന്‍റെ അഭിമാനവും. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പലവിധ പ്രതിസന്ധികൾ ഇതിനിടയിൽ ഉണ്ടായി. ഇതിനെയെല്ലാം മറികടന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോൾ പാലം പൂർത്തിയാക്കിയത്.
സംസ്ഥാന സർക്കാറിന്‍റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാതയിൽ നിർമിക്കുന്ന പാലമാണിത്. ഇത് കേന്ദ്ര ഏജൻസിയാണ് നിർമിച്ചിരുന്നതെങ്കിൽ ടോൾ പിരിവ് ഉണ്ടാകുമായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വൈറ്റില പാലം തുറന്നുകൊടുത്ത വി4 കേരളക്കെതിരെ രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 'മികച്ച രീതിയിൽ നിർമിച്ച മേൽപ്പാലം സർക്കാർ ഉദ്ഘാടനം ചെയ്യുന്നതിൽ അസ്വസ്ഥപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിച്ചപ്പോൾ ഇവരുടെ രോഷം കണ്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു പാലത്തിൽ അഴിമതിയുടെ ഭാഗമായി ബലക്കുറവ് സംഭവിച്ചപ്പോഴും ഇവരുണ്ടായില്ല.
മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികൾ തരണം ചെയ്ത് പൂർത്തീകരിച്ചപ്പോൾ ഇവർ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയാണ് ഇവരുടെ തന്ത്രം. കേവലം ചെറിയ ആൾക്കൂട്ടം മാത്രമാണവർ. നീതിപീഠത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവർ വരെ ഇത്തരം ചെയ്തികൾക്ക് കുടപിടിക്കുകയാണ്. ഇവരോട് സഹതാപം മാത്രമേയുള്ളൂ' -മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിൽ 85 കോടി െചലവിട്ടാണ് പാലം പണിതത്. 2017 ഡിസംബര്‍ 11നാണ് നിർമാണം തുടങ്ങിയത്. ഉദ്ഘാടന ശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ നേതൃത്വത്തിൽ പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തു.
2018 മാര്‍ച്ചിലാണ് കുണ്ടന്നൂർ പാലത്തിന്‍റെ നിർമാണം തുടങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിൽ 74 കോടിയിലധികം െചലവിട്ടാണ് കുണ്ടന്നൂര്‍ പാലം നിർമിച്ചത്. രണ്ട് പാലങ്ങളുടെയും നിർമാണം മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുെന്നങ്കിലും േകാവിഡും കാലാവസ്ഥയും തിരിച്ചടിയാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.