കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയ വിജ്ഞാപനം മാത്രമാണ് ലഭിച്ചതെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. അന്വേഷണത്തിന് അനിവാര്യമായ അനുബന്ധ രേഖകൾ സംസ്ഥാന സർക്കാറിൽനിന്ന് ലഭിച്ചിട്ടില്ല.
കേസിനെക്കുറിച്ചുള്ള ലഘുവിവരണം, എഫ്.ഐ.ആർ പകർപ്പ്, ഇതുവരെ നടത്തിയ അന്വേഷണത്തിെൻറ വിശദാംശങ്ങൾ, അറസ്റ്റിലായവരുടെയും ജാമ്യത്തിലുള്ളവരുടെയും റിമാൻഡിലുള്ളവരുടെയും വിവരങ്ങൾ, കോടതി നടപടികളുടെ രേഖകൾ, പൊലീസിന് അന്വേഷണം പൂർത്തിയാക്കാൻ കഴിയാതിരുന്നതിെൻറയും കേസ് സി.ബി.ഐക്ക് വിടുന്നതിെൻറയും കാരണങ്ങളും വിശദാംശങ്ങളും, സി.ബി.ഐ അന്വേഷണത്തിന് ഒരുക്കിനൽകുന്ന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സംസ്ഥാന സർക്കാറിൽനിന്ന് ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. രേഖകൾ എത്രയുംവേഗം നൽകാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കും.
സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നൽകിയ ഹരജിയാണ് കോടതിയുെട പരിഗണനയിലുള്ളത്. 2018 നവംബർ 22ലെ മാർഗ നിർദേശങ്ങളനുസരിച്ച് ആവശ്യമുള്ള രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായി ഹരജി പരിഗണിക്കവേ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കത്തിെൻറ പകർപ്പും ഹാജരാക്കി. പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലും സമാന സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സി.ബി.ഐയുടെ മാർഗനിർദേശങ്ങളനുസരിച്ച് നൽകേണ്ട രേഖകൾ കൈമാറാൻ തയാറാണെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ ഉറപ്പുനൽകി. മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെ സി.ബി.ഐ പലപ്പോഴും കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ് രേഖകൾ സി.ബി.ഐക്ക് കൈമാറാൻ കോടതി സർക്കാറിന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.