താമരശ്ശേരി: താമരശ്ശേരിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച. ദേശീയപാതയിൽ താമരശ്ശേരി കുന്നിക്കൽ പള്ളിക്ക് മുൻവശത്തെ റന ഗോൾഡ് ജ്വല്ലറിയിൽനിന്നാണ് അമ്പത് പവനോളം സ്വർണം കവർന്നത്. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ചൊവ്വാഴ്ച രാത്രി കട അടച്ചു പോയതായിരുന്നു. ബുധനാഴ്ച രാവിലെ അടുത്തുള്ള കടയുടമ വിളിച്ചു പറഞ്ഞപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞതെന്ന് സലാം പറഞ്ഞു.
കവർച്ച നടത്തിയ മൂന്നുപേരുടെ ദൃശ്യം സമീപത്തെ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ച മൂന്നേകാലോടെയാണ് ഇവർ പുറത്തേക്ക് പോവുന്നത്. കടയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ടാവ് ലോക്കറിന്റെ അടിഭാഗം മുറിച്ചെടുത്താണ് സ്വർണം കവർന്നതെന്ന് പൊലീസ് പറഞ്ഞു. കട പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് പോകുന്ന കോണിപ്പടിയുടെ ഒരുഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.
കോണിപ്പടിയുടെ ഷട്ടർ അടച്ചിട്ടതോടെ പുറത്തേക്കുള്ള ശബ്ദവും കാഴ്ചയും മറഞ്ഞത് മോഷ്ടാക്കൾക്ക് എളുപ്പമായി. പൊലീസ് സ്റ്റേഷനിൽനിന്ന് 25 മീറ്റർ മാത്രം അകലെയാണ് കവർച്ച നടന്ന ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.
ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ഡിവൈ.എസ്.പി പ്രദീപ്കുമാർ, സി.ഐ സായൂജ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.