കൊച്ചി: കൊച്ചി മെട്രോ ഫീഡർ സർവിസുകളുടെ ടിക്കറ്റുകൾ ഇനി ഡിജിറ്റൽ രൂപത്തിലും ലഭ്യമാകും. ഫീഡർ ബസുകളുടെയും ഫീഡർ ഓട്ടോകളുടെയും ടിക്കറ്റുകൾ ഇനി മുതൽ ‘വൺഡി’ (OneDI) ആപ് വഴി ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ ആപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. കൊച്ചി മെട്രോയുടെ ഫീഡർ സർവിസുകൾ നൽകുന്ന കെ.എസ്.ബി.എൽ, ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ക്യു.ആർ കോഡുകൾ വഴി ഫീഡർ സർവിസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ആപ് പൊതുജനങ്ങളിലേക്കെത്തിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷൻ-നെടുമ്പാശ്ശേരി വിമാനത്താവളം റൂട്ടിലെ ഫീഡർ ബസുകളിലും കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ, എറണാകുളം സൗത്ത്, മഹാരാജാസ്, എം.ജി റോഡ്, കലൂർ, ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിൽനിന്നുള്ള ഫീഡർ ഓട്ടോകളിലുമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാവുക. വിമാനത്താവള സർവിസിലെ സ്ഥിരം യാത്രക്കാർക്കായി പ്രത്യേക ഇളവുകളോടുകൂടിയ ഫീഡർ യാത്രാപാസുകളും ആപ്പിൽ ലഭ്യമാണ്.
യാത്രക്കാർക്ക് മൊബൈൽ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്തും മേൽപറഞ്ഞ മെട്രോ സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡിലും ഫീഡർ പാർക്കിങ് ഏരിയക്ക് അടുത്തും പ്രദർശിപ്പിച്ചിരിക്കുന്ന ക്യു.ആർ കോഡ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ക്യു.ആർ കോഡുകൾ സ്കാൻ ചെയ്തശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൊച്ചി മെട്രോ, ജല മെട്രോ സർവിസുകളുടെ ക്യു.ആർ ടിക്കറ്റുകൾ നിലവിൽ കൊച്ചി വൺ ആപ് വഴി ലഭ്യമാണ്. ഫീഡർ സർവിസുകളിലും ഡിജിറ്റിൽ/കാഷ്ലെസ് യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഡിജിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുക വഴി ഓട്ടോകൾ കൃത്യമായ ചാർജ് ആണ് ഈടാക്കുന്നതെന്നും ഉറപ്പാക്കാനാകും. സിറ്റിയിൽ സർവിസ് നടത്തുന്ന മറ്റ് ബസുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.