കണ്ണൂർ: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 18 കോടി രൂപയുടെ ഈ മരുന്നിന് തുക കണ്ടെത്താൻ നെട്ടോട്ടത്തിലാണ് കഴിഞ്ഞ കുറച്ചുദിവസമായി മാട്ടൂൽ ഗ്രാമവാസികൾ. തങ്ങളുടെ പൊന്നോമനയായ ഒന്നരവയസ്സുകാരൻ മുഹമ്മദിെൻറ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഇൗ നാട്.
ജനിതകവൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗമാണ് മുഹമ്മദിന്. പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവരോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിെൻറ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. രണ്ട് വയസ്സിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കുശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകൾ അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
ചക്രക്കസേരയിൽ അനങ്ങാൻപോലും പ്രയാസപ്പെടുന്ന അഫ്ര, തെൻറ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർഥനയിലാണ്. മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെത്തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. മക്കളിൽ രണ്ടുപേർക്കും അപൂർവരോഗം വന്നതിെൻറ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്, മകെൻറ ജീവൻ രക്ഷിക്കാനുള്ള മരുന്നിെൻറ ചെലവിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്.
മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കിൽ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിൽ മാതാവ് പി.സി. മറിയുമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. ഗൂഗ്ൾ പേ നമ്പർ: 8921223421.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.