തിരുവനന്തപുരം: കേരള വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന നിയമം നിയമസഭ റദ്ദാക്കി. ഇതുസംബന്ധിച്ച് വഖഫ് വകുപ്പ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ അവതരിപ്പിച്ച റദ്ദാക്കൽ ബിൽ സഭ ഐക്യകണ്ഠ്യേന പാസാക്കി.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിനെതിരെ മുസ്ലിം സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങുകയും വ്യാപക പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. സംഘടന നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുകയും ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടിയില്ലാതെ വന്നതോടെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗവർണർ ഒപ്പിടാതെ കാലഹരണപ്പെട്ട 11 ഓർഡിനൻസുകൾ നിയമമാക്കാൻ ചേർന്ന പ്രത്യേകസഭ സമ്മേളനത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച നിയമം പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. സർക്കാർ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സ്വാഗതം ചെയ്തു.
2021 നവംബറിൽ സഭ പാസാക്കുകയും ഗവർണർ അംഗീകരിച്ച് നവംബർ 14ന് വിജ്ഞാപനം ചെയ്യുകയും ചെയ്ത നിയമമാണ് സർക്കാർ പിൻവലിച്ചത്. കെ.ടി. ജലീൽ വഖഫ് ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് വിവാദ ബിൽ കൊണ്ടുവരുന്നത്. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണം റദ്ദാക്കിയെങ്കിലും ഭാവിയിൽ നിയമനം ഏത് രീതിയിലായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഒഴിവുവരുന്ന സമയങ്ങളിൽ സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികൾ നടത്താനാണ് ധാരണ. നിയമന നടപടികൾ പൂർത്തിയാകുന്നതോടെ സെലക്ഷൻ കമ്മിറ്റി ഇല്ലാതാകും.
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള വിവാദ നിയമം റദ്ദാക്കിയതിന്റെ ക്രെഡിറ്റിനെ ചൊല്ലി സഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. ബിൽ പരിഗണനക്ക് വന്നപ്പോൾ നിരവധി ചർച്ചകൾ നടന്നെങ്കിലും ഭേദഗതി വേണമെന്നതല്ലാതെ മറ്റൊരു അഭിപ്രായം സഭയിൽ വന്നിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
നിലവിലെ ജീവനക്കാരെ തുടരാൻ അനുവദിക്കുന്ന രീതിയിൽ ഭേദഗതിയാണ് അന്ന് ആവശ്യപ്പെട്ടത്. ജിഫ്രി മുത്തുക്കോയ തങ്ങൾ, എ.പി. അബൂബക്കർ മുസ്ലിയാർ, മുജാഹിദ് നേതാക്കൾ തുടങ്ങിയവരോട് മുഖ്യമന്ത്രി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബില്ലിൽ മാറ്റം വരുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചോദ്യം ചെയ്തു.
പ്രതിപക്ഷം ബില്ലിനെ എതിർത്തില്ലെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്നും അത് സഭാ രേഖയിലുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
എൻ. ഷംസുദ്ദീൻ സ്വകാര്യ ബിൽ കൊണ്ടുവരികയും തടസ്സവാദവും നിരാകരണ പ്രമേയവും കൊണ്ടുവന്നിട്ടുണ്ട്. പ്രതിപക്ഷത്തെയല്ല വിശ്വാസത്തിലെടുത്തത്, മുസ്ലിം മതസംഘടനകളുമായി സംസാരിച്ചതുകൊണ്ടാണ് റദ്ദാക്കൽ ബിൽ കൊണ്ടുവരുന്നത് എന്ന് വരുത്തിത്തീർക്കാനാണ് ലക്ഷ്യമെങ്കിൽ അങ്ങനെ ചെയ്തോളൂ. യാഥാർഥ്യം ജനത്തിനറിയാമെന്നും വി.ഡി. സതീശൻ പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ സമൂഹത്തിൽ ആശങ്കയുണ്ടായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിവിധ സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുകയും ചെയ്തെന്ന് മന്ത്രി കെ. രാധാകൃഷ്ണനും പറഞ്ഞു.
ജനാധിപത്യ മര്യാദയും ജനങ്ങളുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്. ദുരഭിമാനത്തിന്റെ പ്രശ്നം സർക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നം അംഗീകരിക്കുന്നത് കുറച്ചിലായി കാണേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം പറയുന്നതിൽ കാര്യമുണ്ടെന്ന് അംഗീകരിച്ചാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: വഖഫ് നിമയനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് വൈകിയുദിച്ച രാഷ്ട്രീയ വിവേകമാണെന്ന് ബോർഡ് അംഗങ്ങളായ പി.വി. അബ്ദുൽ വഹാബ് എം.പി, പി. ഉബൈദുല്ല എം.എൽഎ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ജനകീയ പ്രതിഷേധങ്ങൾക്ക് സർക്കാർ കീഴടങ്ങിയെന്നും അംഗങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.