കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമുദായത്തിലെ വിവിധ സംഘടനകൾ രംഗത്ത്. ഇതുസംബന്ധിച്ച ഓർഡിനൻസ് നിയമസഭയിൽ ബിൽ അവതരിപ്പിച്ച് ഒക്ടോബർ 27നാണ് നിയമമാക്കിയത്. മുസ്ലിംലീഗ്, എസ്.ഡി.പി.ഐ, സുന്നി, മുജാഹിദ് സംഘടനകളിലെ ഒരു വിഭാഗവുമാണ് സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് ഒട്ടേറെ നിയമ-സർവിസ് പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും നിഗൂഢതയുണ്ടെന്നുമാണ് ഇൗ സംഘടനകളുടെ നിലപാട്. സുന്നി കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്ലാമിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം ചർച്ചചെയ്യാൻ മുസ്ലിംലീഗ് ഈമാസം 22ന് സമുദായത്തിലെ മത സാമൂഹിക സംഘടനകളുടെ യോഗം കോഴിക്കോട്ട് വിളിച്ചിരിക്കുകയാണ്.
താൽക്കാലികമായി നിയമിച്ചവരെ സീനിയോറിറ്റി അനുസരിച്ച് സ്ഥിരപ്പെടുത്താറായിരുന്നു വഖഫ് ബോർഡിലെ രീതി. നിയമനങ്ങൾ പി.എസ്.സി വഴിയാവുന്നതോടെ സമുദായത്തിലെ മിടുക്കരായ യുവതി യുവാക്കൾക്ക് വഖഫ്ബോർഡിൽ ജോലിചെയ്യാൻ അവസരം ലഭിക്കുമെന്നാണ് വകുപ്പ് മന്ത്രി വിശദീകരിക്കുന്നത്.
അതേസമയം, നടപടി രാഷ്ട്രീയ പിടിവാശി കൊണ്ടാണെന്നാണ് ലീഗ് നിലപാട്. ദേവസ്വം-വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്നാണ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചത്. എന്നാൽ, ആയിരത്തിലധികം ജീവനക്കാർ വേണ്ട ദേവസ്വം നിയമനങ്ങൾക്കായി പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുകയാണ് ചെയ്തത്. വഖഫ് ബോർഡ് നിയമനം പി.എസ്.സി വഴി ആക്കുന്നതോടെ മറ്റു സർക്കാർ മേഖലകളിലെ ജനറൽ േക്വാട്ടയിൽനിന്നുള്ള മുസ്ലിം സമുദായത്തിെൻറ അവസരം നഷ്ടപ്പെടാൻ കാരണമാവുമെന്നും ലീഗും ഒപ്പമുള്ളവരും വാദിക്കുന്നു.
വഖഫ് ബോർഡിൽ ഇതുവരെ നടന്ന നിയമനങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത് രണ്ടര വർഷം മുമ്പാണ്. ഇതേതുടർന്ന് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് മുഖേനയാണ് ഇപ്പോൾ താൽക്കാലിക നിയമനങ്ങൾ. ഓർഡിനൻസ് നിയമമാക്കുകയാണ് ഇപ്പോൾ നടന്നത്.
വഖഫ് ബോർഡ് നിയമനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ പ്രത്യേക ബോർഡോ സമിതിയോ രൂപവത്കരിക്കുകയാണ് വേണ്ടതെന്ന നിലപാടുള്ള സംഘടനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.