കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാതെ മൗനം തുടരുന്നതിൽ സമസ്തക്ക് ആശങ്ക. മുസ്ലിം സംഘനകളുടെ യോഗം വിളിച്ച് വിഷയം ചർച്ചചെയ്യുമെന്ന മുഖ്യമന്ത്രി- സമസ്ത കൂടിക്കാഴ്ചയിലെ ഉറപ്പിലാണ് തൽക്കാലം പ്രതിഷേധം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
എത്രയുംവേഗം യോഗം വിളിക്കണമെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, തുടർനടപടി ഉണ്ടാകാത്തതാണ് സമസ്തയെ ആശങ്കപ്പെടുത്തുന്നത്. കോഓഡിനേഷൻ കമ്മിറ്റിയുടെ തുടർ പ്രതിഷേധ പരിപാടികൾ നടക്കാതിരുന്നതുതന്നെ സമസ്ത നീക്കം കാരണമായതിനാൽ തങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം സമസ്തക്കുണ്ട്. വഖഫ് നിയമനത്തിൽ സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി സമസ്തയെ മാത്രം ചർച്ചക്ക് ക്ഷണിച്ചത്.
ഇതോടെ വെള്ളിയാഴ്ച പള്ളികളിൽ നിശ്ചയിച്ച ബോധവത് കരണത്തിൽനിന്നും മറ്റു പ്രതിഷേധങ്ങളിൽനിന്നും പിൻവാങ്ങുന്നതായി സമസ്ത പ്രസിഡൻറ് പ്രഖ്യാപിച്ചു. ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ഉടനെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും വ്യക്തമാക്കിയിരുന്നു. എന്നാൽ, സമസ്ത പിന്മാറ്റം മുഖവിലക്കെടുക്കാതെ മുസ്ലിം ലീഗ് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുകയും കോഴിക്കോട് വഖഫ് സംരക്ഷണറാലി നടത്തുകയും ചെയ്തു. സമസ്ത പ്രവർത്തകരും റാലിയിൽ പങ്കെടുത്തിരുന്നു.
മുമ്പ് സമുദായവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് ലീഗ് സമരവുമായി മുന്നോട്ടുപോകുന്നത്. വഖഫ് റാലി വൻ വിജയമാണെന്ന് വിലയിരുത്തിയ ലീഗ് നേതൃത്വം ഭാവിപരിപാടികൾ ആലോചിക്കാൻ ഡിസംബർ 28ന് പ്രവർത്തകസമിതി വിളിച്ചിട്ടുണ്ട്. സമസ്ത പരിപാടികൾ മരവിപ്പിച്ച സാഹചര്യത്തിൽ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി യോഗം പിന്നീട് ചേർന്നിട്ടില്ല. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് സമസ്ത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർ ചർച്ചയൊന്നും സംഘടനക്കകത്ത് നടന്നിട്ടില്ല.
നിയനമങ്ങൾ പി.എസ്.സിക്ക് വിടുന്നത് നിയമസഭ പാസാക്കിയതായതിനാൽ റദ്ദാക്കണമെങ്കിൽ സഭയിൽ പുതിയ നിയമം കൊണ്ടുവരണം. തുടർന്ന് നിലവിലെ സാഹചര്യം തുടരാൻ സർക്കാറിന് തീരുമാനിക്കാം. ദേവസ്വം ബോർഡിലേതുപോലെ പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുന്നതിനും എതിർപ്പില്ലെന്ന് മുസ്ലിം സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.