വഖഫ് ബോർഡ് ചെയർമാൻ: സർക്കാറിനെ വിമർശിച്ച് സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‍വി

മലപ്പുറം: സി.പി.എമ്മിലെ അഡ്വ. കെ.എം. സക്കീറിനെ വഖഫ് ബോർഡ് ചെയർമാനാക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‍വി. വഖഫ് ചെയർമാൻ പദവിയിൽ മതനിരാസ വക്താക്കളെയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിൽ കമ്യൂണിസത്തിന്റെ ഒളിയജണ്ടയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമർശിച്ചു.

ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടത്.

മത വിഷയങ്ങളില്‍ അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിതരീതികളുമുള്ള വ്യക്തികളാണ് കേരളത്തിലെ വഖ്ഫ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്നത്. ഈ സ്ഥാനത്ത് മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ് -ഡോ. ബഹാവുദ്ദീൻ നദ്‍വി കുറ്റപ്പെടുത്തുന്നു.

ഏകസിവിൽ കോഡ് വിഷയം സി.പി.എം മുസ്‍ലിംകളുടെ വിഷയമാക്കി മാറ്റുന്നുവെന്നും മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവര്‍ ഇപ്പോൾമുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണെന്നും നേരത്തെ ബഹാവുദ്ദീൻ നദ്‍വി വിമർശനമുന്നയിച്ചിരുന്നു. സി.പി.എമ്മുമായി സമസ്തക്ക് ഒരു നിലക്കും ഒത്തുപോവാനാവില്ലെന്ന് പിന്നീട് പരസ്യപ്രസ്താവന നടത്തുകയും ​ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വഖഫ് ബോർഡ് ചെയർമാൻ വിഷയത്തിൽ ഡോ. ബഹാവുദ്ദീൻ നദ്‍വി രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം ഡോ. ബഹാവുദ്ദീൻ നദ്‍വിയുടെ വിമർശനത്തിൽ അമർഷവും അദ്ഭുതവും രേഖപ്പെടുത്തി ഡോ. കെ.ടി. ജലീൽ എം.എൽ.എ രംഗത്തുവന്നു. അഡ്വ. മുഹമ്മദ് സക്കീറിനെ കുറിച്ച് നദ്‍വി രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും തെറ്റാണെന്നും അദ്ദേഹം മതനിഷേധിയോ ഇസ്‍ലാമിക ആരാധന അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ലെന്നും ജലീൽ ​ഫസ്ബുക്കിൽ മറുപടിയുമായെത്തി. കടുത്ത ചോദ്യങ്ങൾ ജലീൽ ബഹാവുദ്ദീൻ നദ്‍വിയോട് ഉന്നയിക്കുന്നുണ്ട്. തെറ്റിദ്ധാരണ തിരുത്തി ക്ഷമാപണം നടത്തണമെന്നാവശ്യ​പ്പെട്ടാണ് ജലീൽ ദീർഘമായ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആഗസ്റ്റ് 18 നാണ് വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ്.

Tags:    
News Summary - Waqf Board Chairman: Samasta leader Bahauddin Nadvi against government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.