കൊച്ചി: 2013ലെ വഖഫ് ആക്ട് ഭേദഗതി വരും മുമ്പ് കൈയേറിയ ഭൂമിയുടെ പേരിൽ വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സാധ്യമല്ലെന്ന് ഹൈകോടതിയുടെ വിലയിരുത്തൽ. 2013ലാണ് വഖഫ് ഭൂമിയുടെ അനധികൃത കൈയേറ്റക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പ്രോസിക്യൂഷന് വിധേയമാക്കാൻ അനുമതി നൽകുന്ന 52എ വകുപ്പ് നിലവിൽ വന്നതെന്നാണ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം. കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് കെ. സുകുമാരൻ, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ കെ. പ്രേമ എന്നിവർക്കെതിരെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസിലെ തുടർ നടപടികൾ ഹൈകോടതി റദ്ദാക്കി.
1995 ആക്ട് പ്രകാരം വഖഫ് ബോർഡ് നൽകിയ പരാതിയിലായിരുന്നു ഹരജിക്കാർക്കെതിരെ കേസെടുത്തത്. ഭൂമി വഖഫ് കൈയേറ്റമാണെന്ന വാദം അംഗീകരിച്ചാൽ പോലും തങ്ങൾക്കെതിരെ വ്യക്തിപരമായ പ്രോസിക്യൂഷൻ നടപടി നിലനിൽക്കുന്നതല്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. 1999 ഓക്ടോബറിലാണ് ജെ.ഡി.റ്റി ഇസ്‍ലാം ഓർഫനേജ് കമ്മിറ്റിയിൽ നിന്ന് ലീസിന് കിട്ടിയ സ്ഥലത്ത് പോസ്റ്റ് ഓഫിസ് നിർമിച്ചത്.
ലീസ് കാലാവധി തീരും മുമ്പേ ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ ജെ.ഡി.റ്റി കമ്മിറ്റി തീരുമാനിക്കുകയും പോസ്റ്റ് ഓഫിസിനായി മറ്റൊരു സ്ഥലം നൽകുകയും ചെയ്തു. പിന്നീട് ഈ സ്ഥലവും ഒഴിയാൻ നിർബന്ധിച്ചു. വഖഫ് ബോർഡ് നൽകിയ ഹരജിയിൽ അവർക്ക് അനുകൂലമായ നടപടിയുണ്ടായി. തുടർന്ന് ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കി. വീണ്ടും പരാതിയുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ടുപോയി.
ഇതേ തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. 2013ലാണ് വഖഫ് നിയമത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തി പ്രോസിക്യൂഷന് അനുമതി നൽകുന്ന വിധം ഭേദഗതി വന്നത്. എന്നാൽ, 1999 മുതൽ പോസ്റ്റ് ഓഫിസ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വഖഫ് ആക്ട് പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാമെങ്കിലും 2013ന് മുമ്പുള്ളവയുടെ കാര്യത്തിൽ പ്രോസിക്യൂഷന് അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജിക്കാർക്കെതിരായ കേസിലെ നടപടികൾ അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.