കോഴിക്കോട്: പണ്ഡിത ശ്രേഷ്ഠന്മാർക്കൊപ്പം എന്നും നിലകൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും സമുദായരഞ്ജിപ്പിൽ ആരെങ്കിലും വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പുണ്ടാവുമെന്നുകണ്ട് ആരും പനിച്ചുകിടക്കേണ്ട. ക്ലിഫ് ഹൗസിലും പനിച്ചുകിടക്കേണ്ട. പണ്ഡിതന്മാർ ലീഗിനൊപ്പം ചേർന്നുനിന്നത് സാമുദായിക രഞ്ജിപ്പിന് അതു കണ്ണിലെ കൃഷ്ണമണിപോലെ പ്രാധാന്യം കൊടുക്കുന്നുവെന്ന തിരിച്ചറിവുകൊണ്ടാണ്. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന ധ്വനി വന്നപ്പോഴാണ് ലീഗ് പ്രതിഷേധത്തിനിറങ്ങിയത്. സമുദായത്തിെൻറ കെട്ടുറപ്പാണ് ഏറ്റവും വലിയ ഉറപ്പെന്ന ഉറപ്പാണ് ലീഗ് മുന്നോട്ടുവെക്കുന്നത്. നിയമസഭയിൽ പാസാക്കിയ നിയമം സഭയിൽതന്നെ പിൻവലിക്കണം. അതു നേടിയെടുക്കും വരെ ലീഗ് സമരം തുടരും. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞു.
സാമുദായിക ഐക്യവും സമുദായത്തിനകത്തെ ഐക്യവും ഒന്നിച്ചു കൊണ്ടുപോവുന്നതിൽ ഒത്തുതീർപ്പില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിലിടപെട്ട് വെടക്കാക്കി തനിക്കാക്കാൻ നോക്കുമ്പോൾ പ്രതിഷേധിക്കേണ്ടി വരും. നിയമനം പി.എസ്.സിക്ക് വിട്ടത് ബോർഡിെൻറ അധികാരം കവരലാണ്. ബി.ജെ.പി സർക്കാറുകൾ പോലും ചെയ്യാത്ത കാര്യത്തിന് സർക്കാർ തുനിഞ്ഞപ്പോൾ ഇനിയും പലതും ചെയ്യുമെന്ന മുന്നറിയിപ്പുകൂടി ഒളിഞ്ഞിരിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന് മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാണക്കാട് റഷീദലി തങ്ങള്‍, കെ.പി.എ. മജീദ് എം.എല്‍.എ, ഹമീദലി തങ്ങള്‍, കെ.എം. ഷാജി, അബ്ബാസലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, അബ്ദുറഹിമാന് കല്ലായി, പി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും വൈസ് പ്രസിഡൻറ് എം.സി. മായിന്‍ ഹാജി നന്ദിയും പറഞ്ഞു.
പ്രതിഷേധക്കടലായി ലീഗ് വഖഫ് സംരക്ഷണറാലി
കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിസംഘടിപ്പിച്ച റാലി കടപ്പുറത്ത് പ്രതിഷേധക്കടൽ തീർത്തു. കോവിഡ് അടച്ചിടലിന് ശേഷം നഗരത്തിൽ നടന്ന ഏറ്റവും വലിയ പൊതു പരിപാടിയിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് പതിനായിരങ്ങൾ ഒഴുകി. പാണക്കാട് കുടുംബാംഗങ്ങൾ മുഴുവൻ അണിനിരന്ന േവദിയിൽ നിന്നുള്ള പ്രസംഗങ്ങൾ അണികളിൽ ആവേശം തിരതല്ലിച്ചു. വൈറ്റ് ഗാർഡുകളും പച്ചക്കുപ്പായമിട്ട നിയന്ത്രണച്ചുമതലയുള്ള പ്രവർത്തകരും അണികളുടെ അമിതാവേശം തടുക്കാൻ പാടുപെട്ടു.
വേദിയിലുള്ള തങ്ങൻമാരുടെയെല്ലാം പേർ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു സ്വാഗത സംഘം ജനറൽ കൺവീനർകൂടിയായ പി.എം.എ.സലാമിന്റെ സ്വാഗത പ്രസംഗം. പാണക്കാട് കുടുംബാംഗങ്ങൾ മുഴുവൻ ഒന്നിക്കുന്ന അപൂർവ സമ്മേളനമെന്ന കാര്യം അനൗൺസമെൻറുകളിൽ മുഴങ്ങി. 14 ജില്ലകളുടെയും പ്രസിഡൻറുമാരടക്കം പ്രധാന നേതാക്കളെല്ലാം കോഴിക്കോട്ടെത്തിയിരുന്നു. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ എം.പി.മാർ മാത്രമാണ് പങ്കെടുക്കാത്തതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി സമ്മേളനത്തിൽ പറഞ്ഞു.
വൈകീട്ട് മൂന്നു മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലെത്തിത്തുടങ്ങിയിരുന്നു. ചെറിയ ജാഥകളായാണ് കടപ്പുറത്തെത്തിയത്. പച്ചക്കൊടികൾ പാറിച്ച് ബൈക്കുകളിൽ യുവാക്കൾ ബീച്ചിൽ ചുറ്റിക്കറങ്ങി. സർക്കാറിനും മുഖ്യന്ത്രിക്കുമെതിരായലി മുദ്രാവാക്യം മുഴക്കി നീങ്ങിയ പ്രവർത്തകർ നഗര വീഥികളിൽ ഒഴുകി കടപ്പുറത്തറത്ത് മനുഷ്യ സാഗരമായി സംഗമിച്ചു. ബീച്ച് ഭാഗത്ത് ഗതാഗതം ഏറെ നേരം സ്തംഭിച്ചു. വൻ പ്രതിഷധം തീർത്ത പ്രവർത്തകരെ ചൂണ്ടി നേതാക്കളും വേദിയിൽ ആവേശം കൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.