ന്യൂഡൽഹി: ബി.ജെ.പി എം.പി ഹർനാഥ് സിങ് യാദവ് രാജ്യസഭയിൽ അവതരിപ്പിക്കാനിരുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുതെന്ന് സി.പി.എം എം.പിമാരായ എളമരം കരീം, ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ.എ. റഹീം, സി.പി.ഐ എം.പിമാരായ ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് എന്നിവർ സഭാധ്യക്ഷൻ ജഗ്ദീപ് ധൻഖറിനോട് ആവശ്യപ്പെട്ടു.
1995ലെ വഖഫ് നിയമം പിൻവലിക്കാനുള്ള നിയമ നിർമാണമാണ് ‘ദി വഖഫ് റിപീൽ ബിൽ, 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബില്ലും. ഇത്തരമൊരു നിയമനിർമാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബിൽ അംഗീകരിക്കാനാവില്ലെന്നും ഇടത് എം.പിമാർ ചൂണ്ടിക്കാട്ടി.
വഖഫ് ട്രൈബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകൾ, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സർവേകൾ നടത്തൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയവയെ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകൾ വഖഫ് നിയമത്തിന്റെ ഭാഗമാണ്. ബദലുകളൊന്നും നിർദേശിക്കാതെ അത്തരമൊരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സദുദ്ദേശ്യപരമായി കാണാൻ സാധിക്കില്ലെന്ന് ഇടത് എം.പിമാർ പറഞ്ഞു.
മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിൽ ഇടപെടാനും അവരുടെ വിശ്വാസത്തോടുമുള്ള തന്റെ വിരോധത്തിന്റെയും വെറുപ്പിന്റെയും വസ്തുത സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ബിൽ അവതരിപ്പിച്ചുകൊണ്ട് ഹർനാഥ് സിങ് യാദവിന്റെ ഉദ്ദേശ്യമെന്ന് പി.വി അബ്ദുൽ വഹാബും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.