പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിക്ക്​ സമസ്തയുടെ താക്കീത്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യ ചാനലുകളിൽ പരസ്യപ്രസ്താവന നടത്തിയ എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ സമസ്ത നേതാക്കള്‍ മുന്നറിയിപ്പ്​ നൽകി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടന നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും സമസ്ത നേതാക്കളായ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.

നേതാക്കളെ മുഖ്യമന്ത്രി നേരിട്ട്​ വിളിക്കുകയോ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്ത നേതൃത്വത്തെ നിർബന്ധിച്ച്​ പ​ങ്കെടുപ്പിക്കുകയോ ചെയ്തത്​ സി.പി.എം ഇറക്കിയ കാർഡായിരിക്കാമെന്നും അണികൾക്കിടയിലെ രാഷ്ട്രീയ അടിയൊഴുക്കിന്​ സമസ്ത കൂട്ടുനിൽക്കില്ലെന്ന്​ തെരഞ്ഞെടുപ്പിലൂടെ ബോധ്യമായെന്നും നാസർ ഫൈസി ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.​ പൊന്നാനിയിലെ സി.പി.എം സ്ഥാനാർഥി കെ.എസ്​. ഹംസയുടെ ശബ്​ദം സമസ്ത നേതാവിന്‍റെ ശബ്​ദമാകാൻ പാടില്ലെന്നും മുസ്​ലിം ലീഗിനെ പ്രതിസന്ധിയിലാക്കാൻ ആര്​ ശ്രമിച്ചാലും അത്​ പാടില്ലാത്തതാണെന്നും മുക്കം ഉമർ ഫൈസിയെ വിമർശിച്ച്​ അദ്ദേഹം തുറന്നടിക്കുകയും​ ചെയ്തു. ഇതാണ്​ താക്കീതിന്​ കാരണമായതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, സമസ്തയുടെ നിലപാടിന്​ വിരുദ്ധമായി തെരഞ്ഞെടുപ്പിന്​ മുമ്പ്​ പരസ്യ പ്രസ്താവന നടത്തിയ മുക്കം ഉമർ ഫൈസി​യെ താക്കീത്​ ചെയ്യാൻ സമസ്ത നേതൃത്വം തയാറാകാത്തത്​ എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി ലീഗ്​ അനുകൂലികളായ സമസ്ത പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്​.

Tags:    
News Summary - warning for nasar faizy koodathai for making public statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.