പൊതുജനത്തോട് മാന്യമായി പെരുമാറണമെന്ന് സപ്ലൈ ജീവനക്കാർക്ക് താക്കീത്

തിരുവനന്തപുരം: താലൂക്ക് സപ്ലൈ ഓഫിസിലും റേഷനിങ് ഓഫിസിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനത്തോട് ജീവനക്കാർ മാന്യമായി പെരുമാറണമെന്ന് പൊതുവിതരണവകുപ്പിന്‍റെ മുന്നറിയിപ്പ്. പരാതി വ്യാപകമായതോടെയാണ് സർക്കുലർ പുറത്തിറക്കിയത്.

വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരോട് മാന്യമായി പെരുമാറേണ്ടതും ആവശ്യങ്ങൾക്ക് മാന്യമായ പരിഗണന നൽകി തീർപ്പാക്കേണ്ടതും ജീവനക്കാരന്‍റെ കടമയാണ്. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ മേലധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകണം. അവരെ ക്യൂനിൽക്കുന്നതിൽനിന്നും ഒഴിവാക്കണം. ഓഫിസ് സമയങ്ങളിൽ ജീവനക്കാർ കൃത്യമായി തിരിച്ചറിയൽ കാർഡ് ധരിക്കുന്നുണ്ടെന്ന് ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം. അപേക്ഷകളും പരാതിയും പരിശോധിച്ച് അപ്പോൾതന്നെ പരിഹരിക്കാൻ കഴിയുന്നവ ഉടൻ പരിഹരിക്കണം.

ഉടനടി പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകണം. ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് ഓഫിസിന്‍റെ പേര് പറഞ്ഞുകൊണ്ട് കൃത്യമായ മറുപടി നൽകണം.

വീടുകളിൽ എത്തി റേഷൻ കാർഡ് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ തിരിച്ചറിയിൽ കാർഡ് കാണിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തണം. മാന്യമായി മാത്രമേ വിവരങ്ങൾ ശേഖരിക്കാവൂയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.

Tags:    
News Summary - Warning to the supply staff to treat the public with respect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.