ന്യൂഡൽഹി: മാലിന്യ നിർമാർജന കാര്യത്തിൽ കാണിക്കുന്ന അലംഭാവവും നിസ്സംഗതയും ചൂണ്ടിക്കാട്ടി കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിെൻറ രൂക്ഷ വിമർശനം. മാലിന്യ നിർമാർജനം സംബന്ധിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ കേരളം തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് എസ്.പി. വാങ്ദിയും വിദഗ്ധ അംഗം നാഗിൻ നന്ദയുമുൾപ്പെട്ട ട്രൈബ്യൂണൽ ബെഞ്ച് കുറ്റപ്പെടുത്തി.
മാലിന്യനിർമാർജനത്തിനുവേണ്ടി തയാറാക്കിയ കർമപദ്ധതി വിശദമാക്കി ഒരു മാസത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും ട്രൈബ്യൂണൽ കേരളത്തോട് നിർദേശിച്ചു. റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ, മുനിസിപ്പൽ കോർപറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നും ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി.
‘‘ഇപ്പോഴും തങ്ങളുടെ മുനിസിപ്പൽ പരിധിയിലുള്ള മാലിന്യത്തിെൻറ കണക്കെടുത്തുവരുകയാണ് കോർപറേഷനുകൾ എന്നാണ് മനസ്സിലാവുന്നത്. ഒാരോ കോർപറേഷനിലും സ്ഥാപിക്കേണ്ട മാലിന്യ സംസ്കരണ പ്ലാൻറിെൻറ കാര്യത്തിൽ ഒരുവിധ പുരോഗതിയുമുണ്ടായിട്ടില്ല. ഇതൊക്കെ കാണിക്കുന്നത് വിഷയത്തിൽ കേരള സർക്കാറും മുനിസിപ്പൽ വകുപ്പുകളും പുലർത്തുന്ന അലംഭാവവും നിസ്സംഗതയുമാണ്. ഇത് പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് മറക്കരുത്’’ -ട്രൈബ്യൂണൽ പറഞ്ഞു.
ഒരു മാസത്തിനകം സമർപ്പിക്കുന്ന കർമപദ്ധതി റിപ്പോർട്ടിൽ ഒാരോ മുനിസിപ്പൽ കോർപറേഷെൻറയും പരിധിയിലെ കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളുന്ന മേഖലകളെ വേർതിരിച്ച് കാണിക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. ഖരമാലിന്യ സംസ്കരണ ചട്ടം (2016), പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ടം (2016), ബയോ മെഡിക്കൽ ചട്ടം (2016), പരിസ്ഥിതി സംരക്ഷണ ചട്ടത്തിലെ (1986) ഒന്നു മുതൽ നാലുവരെ ഷെഡ്യൂൾ എന്നിവയെ അടിസ്ഥാനമാക്കി കോർപറേഷൻ പരിധിയിലെ എല്ലാ ഗാർഹിക, വ്യവസായിക മാലിന്യങ്ങളും മാലിന്യ സംസ്കരണ പ്ലാൻറിലേക്ക് ബന്ധിപ്പിക്കും വിധമായിരിക്കണം കർമപദ്ധതി തയാറാക്കേണ്ടതെന്ന് െബഞ്ച് വ്യക്തമാക്കി. കേരള ഹൈകോടതിയിൽനിന്ന് 2013ൽ കൈമാറിയ ഹരജിയിലെ വാദം കേൾക്കലിനിടെയാണ് കോടതിയുടെ പരാമർശവും നിർദേശവും. സംസ്ഥാനത്തെ മുനിസിപ്പൽ പരിധികളിലെ ഖരമാലിന്യ ശേഖരണം, വേർതിരിക്കൽ, സംസ്കരണം എന്നിവക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നടപടികൾക്കായുള്ള നിർദേശങ്ങൾ തേടിയുള്ളതായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.