വാട്ടർ അതോറിറ്റിക്ക് 82 എൻ.എ.ബി.എൽ അം​ഗീകൃത ​ജല ഗുണനിലവാര പരിശോധനാ ലാബുകൾ

തിരുവനന്തപുരം: ജലജീവൻ​ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാ​ഗമായി, ദേശീയ ​ഗുണനിലവാര ഏജൻസിയായ എൻ.എ.ബി.എൽ-ന്റെ അം​ഗീകാരം ലഭിച്ച, വാട്ടർ അതോറിറ്റിയുടെ 82 കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഡിസംബർ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളാ വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ അധ്യക്ഷത വഹിക്കും.

ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങ് നടത്താനായി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർമാർക്ക് റീഡിങ് രേഖപ്പെടുത്തൽ അനായാസമാക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ എം.ബി.രാജേഷ്, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.

ലാബുകളുടെ സാങ്കേതിക കാര്യക്ഷമതാ പരിശോധനയ്ക്ക് രാജ്യത്തെ ഏറ്റവും വിശ്വസനീയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്(എൻഎബിഎൽ) നൽകുന്ന അം​ഗീകാരമാണ് വാട്ടർ അതോറിറ്റിയുടെ 82 ലാബുകൾക്ക് ലഭിച്ചത്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ തങ്ങളുപയോ​ഗിക്കുന്ന കുടിവെള്ളം പരിശോധിക്കാൻ എല്ലാ ജില്ലകളിലുമായുള്ള ജില്ലാ-ഉപജില്ലാ ലാബുകളിൽ ലഭ്യമായ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഉപഭോക്താക്കൾക്ക് ജല​ഗുണനിലവാര പരിശോധന ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം വാട്ടർ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിൽ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന സൈറ്റില്‍ പണമടച്ച്‌, കുടിവെള്ള സാമ്പിള്‍ അതാതു ലാബുകളില്‍ എത്തിച്ചാല്‍ സാമ്പിള്‍ പരിശോധിച്ച്‌ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോറിറ്റി നിശ്ചയിച്ച നിരക്ക്‌ പ്രകാരമാണ്‌ പണമടക്കേണ്ടത്‌. ഹോട്ടലുകള്‍ക്കും മറ്റും നിശ്ചിത ഫീസോടെ ഗുണനിലവാരം പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കാനുള്ള സൗകര്യം ലാബുകളിലുണ്ട്‌.

ഗ്രാമീണ പ്രദേശങ്ങളിലെ സ്രോതസുകളുടെ ഗുണനിലവാര പരിശോധനയും ലാബുകളില്‍ നടത്തുന്നുണ്ട്‌. തദ്ദേശ സ്വയം രണ സ്ഥാപനങ്ങൾക്ക് അവരുടെ പരിധിയിൽ വരുന്ന റസ്റ്റോറന്റുകളുൾപ്പെടെ കുടിവെള്ളം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസിംഗ് ആവശ്യങ്ങൾക്ക് ലാബുകളുടെ സേവനം ഉപയോ​ഗിക്കാം. എൻഎബിഎൽ അം​ഗീകാരം നിലവിൽ ലഭ്യമായിട്ടില്ലാത്ത ലാബുകളും കുടിവെള്ള പരിശോധന നടത്തി വരുന്നുണ്ട്.

കൂടാതെ സംസ്ഥാന ലാബിന്റെ അംഗീകാരം, 17 പരാമീറ്ററുടെ പരിശോധന എന്നതിൽ നിന്ന് 29 ആയി ഉയർത്താനും കഴിഞ്ഞു. 2021 സെപ്റ്റംബറിൽ ഭരണാനുമതി ലഭിച്ച ഈ പദ്ധതി വഴി, 2022 ഒാ​ഗസ്റ്റോടെ സംസ്ഥാനത്തെ 98% ലാബുകൾക്കും എൻ.എ.ബി.എൽ അംഗീകാരമായതോടെ, കേരളം ജല​ഗുണനിലവാരപരിശോധനാ രം​ഗത്ത് രാജ്യത്തെ മുൻനിരയിൽ സ്ഥാനം നേടുകയാണ്.

കുടിവെള്ള പരിശോധന

കുടിവെള്ളത്തിന്റെ രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടു ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലി ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. ​കുടിവെള്ള പരിശോധനയ്ക്കായി ഫീസ് qpay.kwa.kerala.gov.in എന്ന സൈറ്റ് വഴി അടയ്ക്കണം. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ വാട്ടർ അതോറിറ്റി വെബ്സൈറ്റ് ആയ www.kwa.kerala.gov.in-ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ 1916-ൽ ബന്ധപ്പെടാം. 

Tags:    
News Summary - Water Authority has 82 NABL approved water quality testing labs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.