തിരുവനന്തപുരം: എം.ഡി അവധിയിൽ പ്രവേശിക്കുകയും ചെയർമാൻ കേന്ദ്ര സർവിസിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജല അതോറിറ്റിയിൽ ഭരണ പ്രതിസന്ധി. ജല അതോറിറ്റിയുടെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തസ്തികളിൽ ആളില്ലാത്ത സ്ഥിതിയാണ് ഇതുമൂലമുണ്ടാകുക. ജോ. മാനേജിങ് ഡയറക്ടർ മാത്രമാണ് പ്രധാന തസ്തികയിൽ സ്ഥാപനത്തിന്‍റെ തലപ്പത്തുള്ളത്.
മറ്റൊരു പ്രധാന അധികാര കേന്ദ്രമായ ടെക്നിക്കൽ മെംബർ തസ്തികയിൽ വിരമിച്ചയാൾക്കാണ് ചുമതല നൽകിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗസ്ഥരുണ്ടായിട്ടും സർക്കാർ താൽപര്യപ്രകാരം വിരമിച്ചയാളെ ഈ സ്ഥാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു.
ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തുവന്നെങ്കിലും പ്രതിഷേധം അവഗണിച്ച് ജലവിഭവ വകുപ്പ് കരാർ നിയമനം നൽകി. ടെക്നിക്കൽ മെംബറുടെ ഒഴിവിൽ സ്ഥിരനിയമനം വൈകിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ധനവിനിയോഗ കാര്യങ്ങളിൽ പ്രധാനമായ അക്കൗണ്ട്സ് മെംബർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
എം.ഡി അവധിയിൽ പോയാൽ പകരം നിയമനം അനിവാര്യമാണെങ്കിലും അത്തരത്തിലെ നടപടികൾ ഉണ്ടാകാറില്ല. ജോ. എം. ഡി തസ്തിക വന്നശേഷം എം.ഡിമാരായി വരുന്നവർ അവധിയിൽ പോകുന്ന പ്രവണതയും വർധിച്ചു. അടിക്കടി എം.ഡിമാരെ മാറ്റിനിയമിക്കുന്നതും അധികം വൈകാതെ അവധിയിൽ പോകുന്നതും സ്ഥാപനത്തിന്‍റെ സുഗമമായ മുന്നോട്ടുപോകലിന് തടസ്സമാവുന്നുമുണ്ട്.
ജൽ ജീവൻ മിഷൻ പദ്ധതി നടത്തിപ്പടക്കം ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസവും ഉയരുന്നത്. പല സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനും എം.ഡിയുടെ അഭാവം തടസ്സമാവുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് മീറ്റർ റീഡർമാരെ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമിക്കുന്നതിന്‍റെ ഭാഗമായി തസ്തികകളുടെ എണ്ണം അംഗീകരിക്കാൻ സർക്കാറിനെ സമീപിക്കാൻ തീരുമാനമെടുത്തു. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നുള്ള മീറ്റർ റീഡർമാരുടെ നിയമനം വിവിധ കാരണങ്ങൾ നിരത്തി വൈകിപ്പിക്കുന്ന സമീപനമാണ് ജല അതോറിറ്റി സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.