തിരുവനന്തപുരം: കാലവർഷം തിമിർത്തുപെയ്യവെ വലിയ അണക്കെട്ടുകളിൽ അതിവേഗം ജലനിരപ്പ് ഉയരുന്നു. ചെറിയ സംഭരണികൾ ഏറക്കുറെ തുറന്നുകഴിഞ്ഞു. ദിവസം നാല് അടിയിൽ കൂടുതൽ വെള്ളമാണ് മിക്ക ഡാമുകളിലും ഉയരുന്നത്. വേണ്ടിവന്നാൽ ഏറ്റവും സുരക്ഷിതമായി അണക്കെട്ടുകൾ തുറക്കാനാണ് ധാരണ. മൂലമറ്റം, മൂഴിയാർ ഒഴികെ നിലയങ്ങളിൽനിന്ന് പരമാവധി വൈദ്യുതി ഉൽപാദനം നടത്തുകയാണ്.
കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്ക് പ്രകാരം എല്ലാ അണക്കെട്ടുകളിലുമായി 57 ശതമാനം വെള്ളമുണ്ട്. 2363.75 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം വരുമിത്. 2019ൽ ഇതേ ദിവസം 1103 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഹാ പ്രളയം ഉണ്ടായ 2018ൽ 3857 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇടുക്കിയിെല ചെറുതോണി അടക്കം ഡാമുകൾ അന്ന് തുറന്നു.
ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ നാല് അടിയും കക്കിയിൽ മൂന്ന് ശതമാനവും മാട്ടുപ്പെട്ടി, കുണ്ടള, ഷോളയാർ നാല് വീതവും ഇടമലയാറിൽ മൂന്ന് അടിയുമാണ് ഒറ്റ ദിവസം കൊണ്ട് ഉയർന്നത്. ഞായറാഴ്ച പുലർച്ച വരെ 24 മണിക്കൂറിനകം 182.45 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
കഴിഞ്ഞവർഷം ഒരുൾപൊട്ടലൊക്കെ നടന്ന ഇതേ ദിവസം (ആഗസ്റ്റ് ഒമ്പത്) 344.97 ദശലക്ഷത്തിെൻറ വെള്ളം വന്നിരുന്നു. ഇടുക്കിയിൽ 1240 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇപ്പോഴുള്ളത്. അതായത് 57 ശതമാനം. വളരെ സുരക്ഷിതമായ ജലനിരപ്പാണിത്. അതിവേഗം ജലനിരപ്പുയർന്ന പമ്പ തുറന്നു. ശബരിഗിരിയിൽപെടുന്ന കക്കിയിൽ 57 ശതമാനമാണ് വെള്ളം. ഷോളയാർ 67, ഇടമലയാർ 50, കുണ്ടള 46, മാട്ടുപ്പെട്ടി 32 എന്നിങ്ങനെയാണ് മറ്റ് വലിയ അണക്കെട്ടുകളിലെ ജലനിരപ്പ്.
കുറ്റ്യാടി 87, താരിയോട് 71, ആനയിറങ്കൽ 37, പൊന്മുടി 93 ശതമാനം വീതം വെള്ളം. നേര്യമംഗലം 77, പെരിങ്ങൽകുത്ത് 60, ലോവർ പെരിയാർ 65 എങ്ങനെയാണ് ജലനിരപ്പ്.
ഇടുക്കിയിൽ 4.34 ദശലക്ഷം യൂനിറ്റായിരുന്നു ശനിയാഴ്ചത്തെ ഉൽപാദനം. ശബരിഗിരിയിൽ 2.98 ദശലക്ഷം യൂനിറ്റും. ചെറിയ പദ്ധതികളായ കുറ്റ്യാടിയിൽ 5.05, ലോവർ പെരിയാർ 4.09, നേരിയമംഗലം 1.72 ദലക്ഷം യൂനിറ്റും ഉൽപാദിപ്പിച്ചു. മഴയും വൈദ്യുതി തടസ്സവുമുള്ളതിനാൽ ഉപഭോഗം കാര്യമായി താഴ്ന്നിട്ടുണ്ട്.
പത്തനംതിട്ട: ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ പമ്പ ഡാമും തുറന്നു. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ രണ്ട് ദിവസം മുമ്പുതന്നെ തുറന്നിരുന്നു. ഇതോടെ പമ്പ, മണിയാർ നദികളിൽ ജലനിരപ്പ് വൻതോതിൽ ഉയരും. പത്തനംതിട്ടക്ക് പുറമെ കോട്ടയം ജില്ലയിലെ ഈ നദികളുടെ തീരപ്രദേശങ്ങളിലും കുട്ടനാട്ടിലും വൻതോതിൽ വെള്ളമെത്തും.
ഞായറാഴ്ച വൈകീട്ടോടെ പമ്പാ ഡാമിെൻറ ആറു ഷട്ടറുകള്‍ 60 സെൻറീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.