ഫോർട്ട്കൊച്ചി: വാട്ടർ മെട്രോ സർവിസ് നടത്തുന്ന രണ്ട് ബോട്ടുകൾ അഴിമുഖത്ത് കൂട്ടിയിടിച്ചു. ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടിക്ക് സമീപം ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഫോർട്ട്കൊച്ചി മെട്രോ ജെട്ടിയിൽനിന്ന് പുറപ്പെട്ട ബോട്ടും എറണാകുളം ഹൈകോടതി ജെട്ടിയിൽനിന്ന് വരുകയായിരുന്ന ബോട്ടുമാണ് ഇടിച്ചത്. രണ്ടു ബോട്ടുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇരുബോട്ടുകളുടെയും വേഗത കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ബോട്ടിൽ നിന്ന് യാത്രചെയ്ത സ്ത്രീകളടക്കം ചിലർ വീണെങ്കിലും ആർക്കും പരിക്കില്ല.
ബോട്ടിന്റെ എമർജൻസി എക്സിറ്റ് വാതിലുകൾ ഇടിയെത്തുടർന്ന് തുറന്നു. അപകടസിഗ്നൽ അലാറവും തുടർച്ചയായി മുഴങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. അപകടം നടന്ന് യാത്രക്കാരിൽ ചിലർ വീണിട്ടും എന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കാൻ ബോട്ടിലെ ജീവനക്കാർ തയാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നും സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ജെട്ടിയിൽ ബോട്ട് ഇറങ്ങിയ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ജീവനക്കാരുടെ അനാസ്ഥക്കെതിരെ ബഹളംവെച്ചു.
അതേസമയം റോ റോ വെസൽ കടന്നുപോകുന്നതുകണ്ട് വേഗത കുറച്ചപ്പോൾ ഇരുബോട്ടുകളും തമ്മിൽ ഉരസുക മാത്രമാണുണ്ടായതെന്ന് വാട്ടർമെട്രോ അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. ബോട്ടും യാത്രക്കാരും സുരക്ഷിതരാണ്. മൂന്ന് വ്ലോഗർമാർ കൺട്രോൾ കാബിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. സുരക്ഷ കാരണങ്ങളാൽ പ്രവേശനമില്ലാത്ത കാബിൻ തള്ളിത്തുറക്കാൻ ശ്രമിച്ചെന്നും ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും വാട്ടർ മെട്രോ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.