കൊടുവള്ളി: പ്രധാന ജലസ്രോതസ്സുകളായ പുഴകളും തോടുകളും നേരത്തേതന്നെ വറ്റിയതോടെ നാട്ടിൻപുറങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്. കോഴിക്കോട് നഗരത്തിലേക്ക് ഉൾപ്പെടെ ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പൂനൂർ പുഴയിലെ നീരൊഴുക്ക് നിലച്ചു. കൊടുവള്ളി നഗരസഭയടക്കം 14 പഞ്ചായത്തുകളുടെയും പ്രധാന ജലസ്രോതസ്സാണ് പുനൂർ പുഴ. ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് ഈ പുഴയോരത്താണ്. പുഴക്ക് കുറുകെ സ്ഥാപിക്കപ്പെട്ട തടയണകൾ മിക്കതും ഉപയോഗയോഗ്യമല്ലാതായി. അവശേഷിക്കുന്നവ വറ്റി. താൽക്കാലിക തടയണകൾ സ്ഥാപിച്ച് പുഴയിൽ വെള്ളം തടഞ്ഞ് നിർത്തിയാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നത്.
ജലലഭ്യത കുറഞ്ഞതോടെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം ചുരുക്കിയിട്ടുണ്ട്. കിഴക്കോത്ത് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറ്റക്കടവ്-കളരാന്തിരി - ആവിലോറ തോടും പൂർണമായും വറ്റി. കിണറുകളിലെ ജലവിതാനവും ക്രമാതീതമായി താഴ്ന്നു. ഇരുതുള്ളിപ്പുഴയിലെയും നീരൊഴുക്ക് നിലച്ചതോടെ വിവിധ കടവുകളിൽ വെള്ളം വറ്റിയനിലയിലാണ്.
ആർ.ഇ.സി.എൻ.ഐ.ടിയിലേക്കും, വാട്ടർ അതോറിറ്റിയുടെയും പ്രധാന കുടിവെള്ള പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കുന്നത് ഇരുതുള്ളിപ്പുഴയിലാണ്. വെള്ളം കുറയുന്നത് പമ്പിങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പദ്ധതി ഗുണഭോക്താക്കൾ. മുൻ വർഷങ്ങളിൽ ജലക്ഷാമം നേരിട്ട പ്രദേശങ്ങളിൽ പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിച്ച് നൽകിയിരുന്നു. പുഴകളിലും തോടുകളിലും വേനൽ കനക്കും മുേമ്പ താൽക്കാലിക തടയണകൾ സ്ഥാപിക്കണമെന്ന നിർേദശം പഞ്ചായത്തുകൾക്ക് ലഭിച്ചെങ്കിലും എവിടെയും ഇതിനാവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം വന്നടഞ്ഞും കുറ്റിച്ചെടികൾ വളർന്നും പുഴയുടെ സ്വാഭാവികത നഷ്ടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.