കൽപറ്റ: നഗരത്തിലെ റോഡരികിൽ ഇരുന്ന് തന്റെ വലിയ സ്യൂട്ട്കേസിന് മുകളിൽ വച്ച് നാമനിർദേശ പത്രിക പൂരിപ്പിക്കുകയാണ് ഗാന്ധി. മുഴുവൻ പേര് ഗോപാല്‍ സ്വരൂപ് ഗാന്ധി. ചെറിയ കക്ഷിയല്ല. കിസാന്‍ മജ്ദൂര്‍ ബേറോസ്ഗാർ സംഘ് പാര്‍ട്ടിയുടെ സ്ഥാപകനും ദേശീയ പ്രസിഡന്റുമാണ്. മത്സരിക്കുന്നതാകട്ടെ, സാക്ഷാൽ പ്രിയങ്ക ഗാന്ധിക്കെതിരെയും. വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പട്ടികയിലാണ് ഇത്തരം വ്യത്യസ്തതകളുള്ളത്. ഉത്തർപ്രദേശുകാരനായ ഗോപാൽസ്വരൂപ് ഗാന്ധിയുടെ ആദ്യ അങ്കമല്ല വയനാട്ടിലേത്. ഇതിനകം മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ഉത്തർപ്രദേശിലെ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഭാഗ്യം പരീക്ഷിച്ചു.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിലും മത്സരിച്ചിരുന്നു. കിട്ടിയ വോട്ടുകളല്ല കാര്യമെന്നും നീറുന്ന കർഷക പ്രശ്നങ്ങൾ ഉയർത്തിയാണ് തന്റെ മത്സരമെന്നും വയനാട്ടിലെ ജനങ്ങൾ പിന്തുണക്കുമെന്നും ഇദ്ദേഹം പറയുന്നു. മഹാത്മ ഗാന്ധിയുടെ ആദർശങ്ങൾ പിൻപറ്റുന്നതിനാലാണ് പേരിനോടൊപ്പം ‘ഗാന്ധി’ കൂടി ചേർക്കുന്നതെന്നും ഈ ഗാന്ധി പറയുന്നു.
വയനാട് മണ്ഡലത്തിൽ പത്രിക സമർപ്പിച്ച 21 പേരിലെ മറ്റൊരു ‘പ്രമുഖൻ’ ആണ് തമിഴ്നാട് മേട്ടൂർ സ്വദേശിയായ കെ. പത്മരാജൻ. ‘തെരഞ്ഞെടുപ്പ് രാജാവ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ 245ാം മത്സരമാണ് വയനാട്ടിലേത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെയും വയനാട്ടിൽ മത്സരിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും സമയവും നഷ്ടപ്പെടുത്തി ഓരോ തവണയും ഗംഭീരമായി പരാജയപ്പെടുമ്പോഴും മത്സരം തന്നെ ജീവിതമാക്കുകയാണ് ഇയാൾ. രാഷ്ട്രപതി മുതൽ തദ്ദേശം വരെയുള്ള വിവിധ തെരഞ്ഞെടുപ്പുകളിലാണ് ഇതിനകം സ്ഥാനാർഥിയായത്.
1988ലാണ് ആദ്യമായി മത്സരിച്ചത്. 2011ൽ മേട്ടൂർ നിയമസഭ തെരഞ്ഞെടുപ്പിൽ 6,273 വോട്ടുകൾ നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്പേയി, മൻമോഹൻ സിങ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരെയാണ് പരാജയപ്പെട്ടതെന്ന ആശ്വാസമുണ്ട്. നാട്ടിൽ ടയർ റിപ്പയർ ഷോപ് നടത്തുകയാണ് പത്മരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.