തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡല രൂപവത്കരണശേഷം ഏറ്റവും കുറഞ്ഞ വോട്ട് ലഭ്യതയോടെ ദയനീയ പരാജയം നേരിടേണ്ടിവന്ന സി.പി.ഐയുടെയും സ്ഥാനാർഥി സത്യൻ മൊകേരിയുടെയും അമർഷം സി.പി.എമ്മിനുനേരെ. 2014ൽ 3,56,165 വോട്ട് നേടിയ സത്യൻ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവ്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോൾ 283,023 വോട്ടും 2019ൽ പി.പി. സുനീർ മത്സരിച്ചപ്പോൾ 2,74,597 വോട്ടും നേടിയിരുന്നു. മണ്ഡല ചരിത്രത്തിൽ എൽ.ഡി.എഫിനുവേണ്ടി ഏറ്റവും കൂടുതൽ വോട്ട് പിടിച്ച ആളും ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാർഥിയും സത്യൻ മൊകേരിയായി. മണ്ഡലം രൂപവത്കരിച്ചശേഷം ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. മണ്ഡലത്തിൽ താരതമ്യേന തങ്ങളേക്കാൾ ശക്തരായ സി.പി.എം പ്രവർത്തകർ വോട്ട് ചെയ്യാത്തതാണ് പോളിങ്ങും വോട്ട് ലഭ്യതയും കുറയാനിടയാക്കിയതെന്ന ആക്ഷേപവും സി.പി.ഐക്കുണ്ട്.
അതേസമയം, ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾ മണ്ഡലത്തിലെ പ്രചാരണത്തിൽ പങ്കെടുത്തെന്ന് ടി.പി. രാമകൃഷ്ണൻ പറയുമ്പോഴും സി.പി.ഐ തൃപ്തരല്ല. സി.പി.എമ്മിന്റെ വോട്ടും പ്രവർത്തനവും കൊണ്ട് വയനാട്ടിൽ പിടിച്ചുനിന്നിരുന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾപോലും വിട്ടുനിന്നു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുമ്പോൾ സി.പി.എം കൊടികാണാൻ പോലുമുണ്ടായിരുന്നില്ല.
പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാർഥിയെ നിർത്തി അനായാസജയം അനുവദിക്കേണ്ടെന്ന തീരുമാനത്തിനൊടുവിലാണ് പാർട്ടി നിർബന്ധപ്രകാരം സത്യൻ മൊകേരി സ്ഥാനാർഥിയാകുന്നത്. ചൂരൽമല ഉരുൾപൊട്ടൽ സമയത്ത് ഭക്ഷണശാല വിവാദത്തിൽ എ.ഡി.ജി.പി അജിത്കുമാറിനെതിരെ പ്രതികരിച്ചതും ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്തിനെ മാറ്റാൻ മുന്നണിയോഗത്തിൽ സമ്മർദം ചെലുത്തിയതും സി.പി.ഐ ജില്ല, സംസ്ഥാന നേതൃത്വമായിരുന്നു. ഇതും സി.പി.ഐ-സി.പി.എം വിള്ളലിനിടയാക്കി.
പതിനായിരത്തിൽ താഴെ മാത്രം അംഗങ്ങളുള്ള സി.പി.ഐക്ക് വയനാട് മണ്ഡലത്തിൽ വലിയ സ്വാധീനമില്ലെന്നകാര്യം വ്യക്തമായിട്ടും ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സമ്മേളനങ്ങൾക്കാണ് സി.പി.എം മുൻഗണന നൽകിയതെന്നും സി.പി.ഐ ആരോപിക്കുന്നു. അടിത്തട്ടിലെ ആക്ഷേപങ്ങൾ ഗൗരവത്തിൽ കാണുന്നതായും ഇക്കാര്യം എൽ.ഡി.എഫ് മുന്നണി യോഗത്തിൽ ഉന്നയിച്ച് ഉഭയകക്ഷി ചർച്ചക്ക് വിധേയമാക്കാനുമാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.