വയനാട് ദുരന്തം: സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് ഡോ. വി. സുഭാഷ് ചന്ദ്രബോസ്

കോഴിക്കോട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും ഭൗമജല ശാസ്ത്രജ്ഞനുമായ ഡോ. വി. സുഭാഷ് ചന്ദ്രബോസ്. ഹരിത സാഹോദര്യം, ജലപാഠം തുടങ്ങി പുസ്തകളെഴുതിയ സുഭാഷ് ചന്ദ്രബോസ് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങിൽ നടന്ന മനുഷ്യ നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 1979 മീറ്റർ (6493 അടി ) പൊക്കമുള്ള വയനാട് മേപ്പാടി പുഞ്ചിരിമട്ടം മലനിരകളുടെ 1868 മീറ്റർ (6129 അടി ) പൊക്കമുള്ള ഭാഗത്ത് നിന്നാണ് ഉരുൾ പൊട്ടലിന്റെ തുടക്കം. പക്ഷെ ഉരുൾ പൊട്ടൽ ഭീകരമാകാൻ കാരണം മലയുടെ തുടക്കം മുതൽ താഴേക്കു മുണ്ടക്കൈ വരെ (978 മീറ്റർ -3203 അടി) നിരവധി സ്ഥലങ്ങളിൽ തടാകം, കുളം, തടയണ എന്നിവ നിർമിച്ച് വെള്ളം കെട്ടി നിറുത്തിയിരുന്നോ എന്ന് അന്വേഷിക്കണം. കൃഷിക്കും റിസോർട്ടുകൾക്കും വേണ്ടി തടയണകൾ നിർമിച്ചിരുന്നതായി പ്രദേശവാസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കാം.

സാറ്റ്‌ലൈറ്റ് ഇമേജുകളിലും ഉയർന്ന മലഭാഗങ്ങളിൽ വെള്ളക്കെട്ട് നിരവധി ഇടങ്ങളിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതിനാൽ മലയുടെ താഴെ ഭാഗങ്ങളിൽ വേനൽ കാലങ്ങളിൽ വെള്ളം കിട്ടാറില്ലായിരുന്നു. ഇക്കാര്യം ആ ഭാഗങ്ങളിൽ ജീവിച്ചിരിക്കുന്നവരും സമീപവാസികളും പറയുന്നു. ഉയർന്ന മലനിരകളിൽ ഒരു സാഹചര്യത്തിലും മഴവെള്ളം കൃത്രിമമായി കെട്ടി നിറുത്തരുത്. അങ്ങനെ ചെയ്തത് കൊണ്ടാണ് ഉരുൾപൊട്ടൽ ഇത്രയും ഭീകരമായത്.

കാടിനകത്തുണ്ടായ ഉരുൾപൊട്ടൽ ഇത്രയും നാശമുണ്ടാക്കിയത് കൃത്രിമമായി ജലം തടഞ്ഞു നിർത്തിയതിനാലാണ്.  ഇക്കാര്യത്തിൽ ഗൗരവമായി അന്വേഷണം നടത്തണം. ശക്തമായ മഴ പെയ്തുവെന്നത് സത്യമാണ്. എന്നാൽ അതിന് ആക്കം കൂട്ടിയത് തടയണകളാണോയെന്ന് പരിശോധിക്കണം. മലമുകളിൽ വെള്ളം കെട്ടിനിർത്തുന്നത് അപകടമാണ്. അതുപോലെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ എത്ര നീർച്ചാലുകൾ മൂടി.

അതുപോലെ 2013ൽ ഈ മലയിൽ ആദിവാസി വിഭാഗമായ കാട്ടുനായക്കരുടെ കോളനിക്ക് അടുത്ത് 1.5 കിലോമീറ്റർ അകലെ കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നു. ഈ കോളനിയിൽ നിന്നും മൂന്ന് കിലോമീറ്റർ ഉയരെയാണ് പുഞ്ചിരിമട്ടം മലയിൽ ഉരുൾപൊട്ടിയത്. കോളനി വരെ ജീപ്പ് പോകും. പാവങ്ങൾക്ക് വേനലിൽ വെള്ളവുമില്ല. മഴയത്ത് ഉരുളിൽ ജീവനും പോയി. ഉരുൾപൊട്ടൽ നടന്നതിന്റെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഡോ. വി. സുഭാഷ് ചന്ദ്ര ബോസ് 'മാധ്യമം ഓൺ ലൈനോ'ട് പറഞ്ഞു.

Tags:    
News Summary - Wayanad disaster: Dr. V. Subhash Chandra Bose should investigate agencies including CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.