ഉരുൾ ദുരന്തം: 401 ഡി.എൻ.എ പരിശോധന പൂർത്തിയായി

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങൾ പൂർണമായും അഴുകിയ നിലയിലാണ്. ഇത് വരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകൾ ഇത് വരെ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്തസാമ്പിളുകൾ ഇനി ലഭ്യമാവാനുണ്ട്.

താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂനിയനുകൾ ഇപ്പോൾ നൽകാൻ തയാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂനിയൻ പ്രതിനിധികൾ, മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപ്പൈനാട്, വൈത്തിരി, കൽപറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്.

ചൂരൽ മലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്ക് വേണ്ടി നാളെ അന്വേഷണം നടത്തും. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. ദുരന്തബാധിതർക്ക് ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രത്യേക കാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Wayanad Landslide: 401 DNA tests completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.