വികസന രക്ഷസ്സിന്റെ അത്യാർത്തി ശമിപ്പിക്കാൻ വയനാട്ടിലെ പാവം മനുഷ്യരുടെ രക്തവും ജീവനും ഇനിയുമെത്ര വേണ്ടിവരും എന്നതാണ് മുണ്ടക്കൈ ഉയർത്തുന്ന ചോദ്യം. ഈ ദുരന്തത്തെ മനുഷ്യനിർമിതമെന്ന് വിശേഷിപ്പിക്കുന്നതു പോലും അപൂർണമാണ്. മുണ്ടക്കൈയിൽ ആദ്യത്തെ ഉരുൾപൊട്ടലുണ്ടാകുന്നത് 1984ലാണ്.
അന്നവിടെനിന്ന് 17 മനുഷ്യശരീരങ്ങൾ കണ്ടെടുത്തു. മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട പത്തോളം കാട്ടുനായ്ക്ക കുടുംബങ്ങളെക്കുറിച്ച് രേഖകൾ പോലുമില്ല. 2019ൽ മുണ്ടക്കൈയിൽനിന്ന് വിളിപ്പാട് മാത്രം അകലെയുള്ള പുത്തുമല, പടിഞ്ഞാറൻ ചരിവിലെ പാതാർ, കവളപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. 2020ൽ മുണ്ടക്കൈയിൽ വീണ്ടും വലിയ ഉരുൾപൊട്ടലുണ്ടായെങ്കിലും മനുഷ്യജീവന് നാശം പറ്റാഞ്ഞതിനാൽ പുറംലോകം കാര്യമായി ഗൗനിച്ചില്ല.
പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബലവും അതി ലോലവും സങ്കീർണവുമായ ഭൂപ്രദേശങ്ങളുടെ മർമകേന്ദ്രമാണ് വെള്ളരിമല -ചെമ്പ്ര മലനിരകൾ. ഏറെ ശ്രദ്ധാപൂർവം മനുഷ്യൻ ഇടപെടേണ്ട ഇടം. എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നാട്ടുരാജാക്കന്മാരിൽനിന്ന് ബ്രിട്ടീഷ് കമ്പനികൾ 99 വർഷത്തെ പാട്ടവ്യവസ്ഥയിൽ സ്വന്തമാക്കിയ ഈ മലനിരകളുടെ കിഴക്കൻ ചരിവിലെ ഭൂരിഭാഗം പ്രദേശങ്ങളും തോട്ടങ്ങളാക്കി.
മലകളുടെ ഉച്ചികൾ വെറുതെവിട്ടപ്പോൾ മധ്യഭാഗത്ത് ഏലവും താഴ്വാരങ്ങളിൽ തേയിലയും കൃഷി ചെയ്തു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം തോട്ടങ്ങളുടെ ഉടമസ്ഥത ഇന്ത്യക്കാർക്ക് കൈവന്നതോടെ ഏലത്തോട്ടങ്ങളിലും തേയില വെച്ചുപിടിപ്പിച്ചു. ഈ മലനിരകളിലെ മണ്ണിനെ പിടിച്ചുനിർത്തിയിരുന്ന കൂറ്റൻ മരങ്ങൾ കല്ലായിലേക്ക് ഒഴുകി. 1971ലെ കേരള സ്വകാര്യ വന (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) നിയമം-Kerala Private Forest Vesting Assignment Act വന്നതോടെ ശേഷിച്ച മലന്തലപ്പുകൾ കൂടി മൊട്ടയാക്കപ്പെട്ടു.
മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങി ചെമ്പ്ര മല വരെയുള്ള മേഖലയിൽ താമസിക്കുന്നവരിൽ അധികപേരും തോട്ടം തൊഴിലാളികളോ അവരുടെ പിൻതലമുറക്കാരോ ആയ ദരിദ്രരിൽ ദരിദ്രരായ മനുഷ്യരാണ്. ബ്രിട്ടീഷ് കാലത്ത് ഏറനാട്ടിൽനിന്നും തമിഴ്നാട്ടിൽനിന്നും അടിമത്തൊഴിലാളികളായി എത്തിയവരുടെ പിന്മുറക്കാർ. അവരിൽ ഭൂ ഉടമകളോ സമ്പന്നരോ വിരലിൽ എണ്ണാവുന്നവർ പോലുമില്ല. ഭൂരിഭാഗവും ലയങ്ങളിലും കമ്പനിയുടെ മിച്ചഭൂമിയിലെ അഞ്ചും പത്തും സെന്റിൽ വീടുവെച്ച് താമസിക്കുന്ന പാവങ്ങൾ.
ജില്ല രൂപവത്കരണ ശേഷം വയനാട്ടിലെ സാമൂഹിക -രാഷ്ട്രീയ രംഗത്ത് വൻ മാറ്റങ്ങൾ വന്നു. വികസനത്തെക്കുറിച്ച മുറവിളികൾ ഉയരാൻ തുടങ്ങി. ഈ നാടിന് വേണ്ട വികസനമെന്തെന്നതിനെക്കുറിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് ഇന്നും സർക്കാറിനും പാർട്ടികൾക്കുമില്ല. നൊടിയിടകൊണ്ടാണ് വയനാട്ടിലെ ടൂറിസം സാധ്യതകൾ ചൂഷണം ചെയ്യപ്പെട്ടുതുടങ്ങിയത്. പണവുമായി ചുരം കയറിയവർക്ക് നാടിന്റെ സുസ്ഥിര വികസനമോ പരിസ്ഥിതിയോ ഒന്നും വിഷയമായിരുന്നില്ല. അതി ദുർഘട പ്രദേശത്തു പോലും കടന്നുകയറി അവർ ഭൂമി സ്വന്തമാക്കി. വനവും പൊതുഭൂമിയും കൈയേറിയ ഇടങ്ങളിൽ കൂറ്റൻ നിർമിതികൾ പൊങ്ങി. ഇതിനായി മലകളെ കീറിമുറിച്ചു, അരുവികളെയും നീരുറവകളെയും വഴിതിരിച്ചു വിട്ടു.
2018ലെയും 2020ലെയും മലയിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചു. അവർ സമർപ്പിച്ച റിപ്പോർട്ടിൽ വയനാട്ടിലെ പശ്ചിമഘട്ട മലഞ്ചരിവുകളിലെ സുരക്ഷിതമല്ലാത്ത ഇടത്ത് 4000ത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അവരെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണമെന്നും ശിപാർശയുണ്ടായിരുന്നെങ്കിലും അതാരും മുഖവിലക്കെടുത്തില്ല. അരക്ഷിത പ്രദേശങ്ങളിൽ താമസിക്കുന്നതിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ മുണ്ടക്കൈ വെള്ളരിമല പ്രദേശത്തുള്ളവരായിരുന്നു.
2009ൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡോ. ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പഠനം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തിൽ മുണ്ടക്കൈയും കാമൽ ഹംപ് പർവത നിരയുടെ ചരിവുകളും ചെമ്പ്ര പീക്കും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിർമാണവും ഭൂവിനിയോഗവും നിയന്ത്രിക്കണമെന്നും ശിപാർശ ചെയ്തിരുന്നു. ഹ്യും സെന്ററിന്റെ ശിപാർശയിലും മുണ്ടക്കൈയിൽ മുൻകരുതൽ വേണമെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
മുണ്ടക്കൈയും പരിസര പ്രദേശങ്ങളും റിസോർട്ടുകളുടെയും ഹോം സ്റ്റേയുടെയും കേദാരമാണ്. മേപ്പാടി പഞ്ചായത്തും മുപ്പൈനാട് പഞ്ചായത്തും നിരവധി ക്വാറികളുടെ കേന്ദ്രം കൂടിയാണ്. വാളത്തൂർ ചീരമട്ടത്ത് ജനങ്ങളെ എതിർപ്പിനെ തുടർന്ന് ജില്ല കലക്ടർ പൂട്ടിച്ച ക്വാറിക്ക് മുപ്പൈനാട് പഞ്ചായത്ത് വീണ്ടും ലൈസൻസ് നൽകിയത് രണ്ടാഴ്ച മുമ്പാണ്.
വികസനത്തിനെന്ന വ്യാജേന സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച പശ്ചിമഘട്ടം നെടുകെ കീറിക്കൊണ്ടുള്ള തുരങ്കപാത പദ്ധതി വയനാടിന്റെ നാശം സമ്പൂർണമാക്കും. 5000 കോടി ചെലവ് കണക്കാക്കിയ പദ്ധതിയുടെ ആദ്യഘട്ടം ക്ലിയറൻസ് നേടിക്കഴിഞ്ഞു. സ്ഥലമേറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. ടെൻഡർ നടപടികളും മുന്നേറുന്നു. പരിസ്ഥിതി ആഘാത പഠനങ്ങൾ മാത്രം നടത്തിയിട്ടില്ല.
വയനാടിന് ഒരു ഗുണവും ചെയ്യാത്ത ഈ പദ്ധതിക്ക് പിന്നിലെ നിക്ഷിപ്ത താൽപര്യം അജ്ഞാതമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് ചുവപ്പ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശമാണിത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വയനാട്ടിലുണ്ടായ അനധികൃത നിർമിതികൾ ഞെട്ടിപ്പിക്കുന്നതാണ്. പ്രകൃതി തിരിച്ചടിക്കുമ്പോൾ അതിനിരയാവുന്നത് നാശം വരുത്തിയ കുറ്റവാളികളല്ല; മറിച്ച്, നിരപരാധികളും നിസ്സഹായരുമായ മനുഷ്യരും മണ്ണിന്റെ മക്കളുമാണെന്നതാണ് വേദനിപ്പിക്കുന്ന സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.