കോഴിക്കോട്: ‘ദൈവം പാതി, ഡോക്ടർമാർ പാതി, ഡോക്ടർമാരാണ് ഞങ്ങൾക്ക് കുഞ്ഞിനെ തിരികെ തന്നത്. തീർത്താൽ തീരാത്ത നന്ദിയുണ്ട് എല്ലാരോടും’ -കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് ജീവിതം തിരിച്ചുപിടിച്ച അവ്യക്തുമായി വയനാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ മുത്തച്ഛൻ രാമചന്ദ്രന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ കരുതലൊരുക്കി കൊച്ചുമകനെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി പറയുമ്പോഴും ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തിനേറ്റ വേദനകളത്രയും ആ വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ ഉരുൾ തുടച്ചുനീക്കിയ കുടുംബത്തിൽ ബാക്കിയായത് അവ്യക്തും അമ്മ രമ്യയും മാത്രമാണ്. അവ്യക്ത് ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം തിരിച്ചറിഞ്ഞതാവട്ടെ ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷവും. വെള്ളാർമല മുള്ളത്തിൽതെരുവിൽ അനീഷിന്റെ മകൻ നിവേദ് എന്ന പേരിൽ ജൂലൈ 30ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവ്യക്തിനെ പിന്നീട് ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ചൂരൽമലയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ പാറക്കഷണങ്ങൾക്കിടയിൽ നിന്ന് അവ്യക്തിനെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസകോശത്തിലും ശ്വാസനാളത്തിലും നിറയെ ചളിയും കൽതരികളും നിറഞ്ഞ് ശ്വാസമെടുക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
പ്രതിസന്ധികൾ ഏറെ കണ്ട മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കുമുന്നിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ശ്വാസകോശത്തിന് പരിക്കേറ്റ ഒരു കുഞ്ഞ് എത്തുന്നത്. തലയിലും മുഖത്തും കണ്ണിനും മുറിവേറ്റ്, കൈ പൊട്ടി അബോധാവസ്ഥയിലായ കുട്ടിയിൽ അവശേഷിച്ചിരുന്നത് ജീവന്റെ നേർത്ത കണിക മാത്രം.
പീഡിയാട്രിക് സർജൻ ഡോ. അരവിന്ദൻ, ബ്രോങ്കോ സ്കോപ്പിയിലൂടെ ശ്വാസകോശത്തിൽനിന്ന് ചളിയും കല്ലും നീക്കിയത് ചികിത്സയിൽ നിർണായകമായി. പീഡിയാട്രിക് സർജറിയിലെ ഡോ. ഹൃദ്യ, ശ്രീലക്ഷ്മി, പീഡിയാട്രിക് ഐ.സി.യുവിലെ ഡോ. ജയ്കൃഷ്ണൻ, ഡോ. ഷമീം, ഡോ. അമൃത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയുടെ ചികിത്സ. ഇ.എൻ.ടി, ന്യൂറോസർജറി, ഓർത്തോ, ഓഫ്ത്താൽമോളജി, മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെയും കൂട്ടായ പരിശ്രമം കൂടിയായപ്പോൾ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് ഐ.സി.യുവിൽ മെഡിക്കൽ രംഗത്ത് അതിജീവനത്തിന്റെ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
വെള്ളാർമല കിഴക്കേതെക്കുംകര മഹേഷ്-രമ്യ ദമ്പതികളുടെ മകനാണ് അവ്യക്ത്. ചൂരൽമല സ്കൂളിനടുത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അവ്യക്തിന്റെ അനുജത്തി ആരാധ്യ, അച്ഛൻ മഹേഷ്, മഹേഷിന്റെ അമ്മ ഓമന, അച്ഛൻ വാസു എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടു. അവ്യക്തും രമ്യയും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വാസുവിന്റെ മൃതദേഹം കണ്ടുകിട്ടിയിരുന്നു. ഓമനയുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മഹേഷിനെയും ആരാധ്യയെയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ, ഇതൊന്നും അവ്യക്തിനോട് കുടുംബം വ്യക്തമാക്കിയിട്ടില്ല.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. അരുൺപ്രീത്, ഡോ. വിജയകുമാർ എന്നിവരും അവ്യക്തിനെ യാത്രയാക്കാൻ എത്തിയിരുന്നു. ദുരന്തത്തിൽ കുടുംബത്തിന്റെ വീട് നഷ്ടപ്പെട്ടതിനാൽ കൽപറ്റ മുണ്ടേരിയിൽ വാടകക്കെടുത്ത ഹോം സ്റ്റേയിലേക്കാണ് അവ്യക്തിനെ കൊണ്ടുപോയത്. കുട്ടിക്ക് അണുബാധ ഏൽക്കാതിരിക്കാൻ ഒരാഴ്ച ഇവിടെ താമസിക്കും. ചികിത്സയിലുള്ള അമ്മ ഡിസ്ചാർജായി വൈകീട്ടോടെ അവ്യക്തിനടുത്തെത്തി. പതിയെ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.