കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടുമാസം തികയുമ്പോൾ അതിജീവിതരുടെ സ്ഥിരം പുനരധിവാസത്തിനുള്ള ഭൂമി സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ല. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ് പദ്ധതിക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ എസ്റ്റേറ്റ് എന്നിവയാണ് അന്തിമ പട്ടികയിലുള്ളത്. എന്നാൽ, ഇവ രണ്ടും നിയമ-തൊഴിൽ പ്രശ്നങ്ങളുള്ള ഭൂമിയാണ്. സർക്കാറിന്റെതന്നെ സ്പെഷൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം സർക്കാറിലേക്ക് കണ്ടുകെട്ടണമെന്ന റിപ്പോർട്ട് നൽകിയ ഭൂമിയാണ് മേപ്പാടിയിലെ എച്ച്.എം.എൽ എസ്റ്റേറ്റ്. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്. മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ ലാൻഡ് ബോർഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്ന കണിയാമ്പറ്റ സോണൽ ഓഫിസിലാണ് നിലവിൽ ഇതിന്റെ ഫയലുകൾ ഉള്ളത്.
സർക്കാർതന്നെ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഭൂമി വിലകൊടുത്തുവാങ്ങുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും ഇതിന്റെതന്നെ ഭാഗമായ പെരുന്തട്ട എസ്റ്റേറ്റും ഒരു വർഷത്തിലധികമായി രൂക്ഷമായ തൊഴിൽ പ്രശ്നങ്ങളുള്ള ഭൂമിയാണ്. 150ലധികം സ്ഥിരം-കരാർ തൊഴിലാളികളാണ് ഇവിടെയുള്ളത്. അടുത്തിടെ ഇവിടെ തൊഴിലാളികളുടെ പട്ടിണി സമരമടക്കം നടന്നിരുന്നു. കൽപറ്റ ബൈപാസിൽനിന്ന് തുടങ്ങുന്ന ഈ ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ തൊഴിലാളികളുടെ പ്രശ്നം കൂടി പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യം കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥരോട് പൊതുപ്രവർത്തകർ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, രണ്ടിടങ്ങളിലും റവന്യൂ വകുപ്പിന്റെ സ്ഥലപരിശോധനയും സർവേ നടപടികളും ഏകദേശം പൂർത്തിയായിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ പ്രഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതിയോട് പരിശോധന നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക. ജൂലൈ 30നുണ്ടായ ഉരുൾപൊട്ടൽ വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളെയാണ് ഇല്ലാതാക്കിയത്. 273 പേർ മരിക്കുകയും 77 പേരെ കാണാതാവുകയും ചെയ്തു. ആഗസ്റ്റ് 25 ഓടെയാണ് ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 983 കുടുംബങ്ങളെ വാടക വീടുകളിലേക്കും സർക്കാർ ക്വാട്ടേഴ്സുകളിലേക്കും മാറ്റിത്താമസിപ്പിച്ച് താൽക്കാലിക പുനരധിവാസം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.