തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കായി സമഗ്രവും സർവതലസ്പർശിയുമായ പുനരധിവാസമാണ് സർക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ജനങ്ങള്‍ പങ്കുവെച്ച നിർദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമരൂപം നൽകുക. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗൺഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ കാലതാമസംകൂടാതെ ഏറ്റെടുക്കുന്നതിന് ദുരന്തനിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
ഭാവിയില്‍ രണ്ടാമത്തെ നില കൂടി പണിയുന്നതിന് സൗകര്യമുള്ള രീതിയില്‍ 1000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടുകളാണ് നിർമിക്കാനുദ്ദേശിക്കുന്നത്. പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും ഉറപ്പാക്കും. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക കലക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.