കൽപറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആഗസ്റ്റ് 27 മുതല്‍ അധ്യയനം ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി എന്നിവയാണ് 27ന് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറുകണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാർപ്പിച്ചതിനെ തുടര്‍ന്നാണ് സ്കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനം മുതല്‍ താല്‍ക്കാലിക പുനരധിവാസം വരെ ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ല ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്ത്, നാട്ടുകാർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരുടെയും സഹകരണം കൊണ്ടാണ് ആഗസ്റ്റ് 25നകം താല്‍ക്കാലിക പുനരധിവാസം സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് മേപ്പാടി ജി.എച്ച്.എസ്.എസിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂള്‍ മേപ്പാടി എ.പി.ജെ ഹാളിലും സെപ്റ്റംബര്‍ രണ്ടിന് പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുടെ സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി അന്ന് പ്രവേശനോത്സവം നടത്തും. ചൂരല്‍ മലയില്‍ നിന്ന് മേപ്പാടി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിന് മൂന്ന് കെ.എസ്.ആര്.ടി.സി ബസുകള്‍ സ്റ്റുഡന്റ്സ് ഒണ്‍ലി ആയി സർവിസ് നടത്തും.
മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെ.എസ് ആര്.ടി.സി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷനേതാവ്, ഉപനേതാവ് എന്നിവരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു എന്നിവർ പങ്കെടുത്തു.
കല്പറ്റ: ദുരന്തത്തില്‍പ്പെടുന്നയാളുകളെ താൽക്കാലികമായി താമസിപ്പിക്കുന്നതിന് ഫ്ലഡ് ഷെല്‍ട്ടര്‍ ഹോം നിർമിക്കണമെന്നും ജില്ലക്ക് ദുരന്ത നിവാരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് കത്ത് നല്കി. എല്ലാ വര്‍ഷവും ജില്ലയില്‍ പ്രകൃതി ക്ഷോഭങ്ങള്‍ തുടര്‍ കാഴ്ചയാണ്. ദുരന്തത്തില്പ്പെട്ടയാളുകളെ ജില്ലയിലെ വിവിധ സ്കൂളുകളിലെ താൽക്കാലിക ക്യാമ്പുകളിലാണ് താമസിപ്പിച്ച് വരുന്നത്. ഇതുമൂലം സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും നിരവധി വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുകയും ചെയ്യുകയാണ്. അത് കൊണ്ട് തന്നെ മേപ്പാടി, കല്പറ്റ പ്രദേശങ്ങളുമായി അടുത്ത് നില്ക്കുന്ന ഒരു സ്ഥലത്ത് 1500 ഓളം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഒരു ഫ്ലഡ് ഷെല്‍ട്ടര്‍ ഹോം നിർമിക്കുകയാണെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവരെ മാറ്റി താമസിപ്പിക്കാനും സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതെ ഇരിക്കുകയും ചെയ്യും. കൂടാതെ മറ്റ് സമയങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഈ ഷെല്‍ട്ടര്‍ ഹോം ഉപയോഗിക്കുകയും ചെയ്യാമെന്ന് എം.എൽ.എ ചൂണ്ടിക്കാണിച്ചു.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന വയനാട്ടില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിച്ചിട്ടില്ല. 2018 ലെ പ്രളയത്തിനു ശേഷം മറ്റു ജില്ലകളില്‍ ദുരന്ത നിവാരണത്തിന് പ്രത്യേക ഡെപ്യൂട്ടി കലക്ടര്‍മാരെ നിയമിച്ചെങ്കിലും ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന വയനാട്ടില്‍ ഈ തസ്തിക അനുവദിച്ചില്ല. ഇപ്പോള്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനാണ് ഈ അധിക ചുമതല നൽകിയത്. പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന ജില്ലക്ക് ദുരന്ത നിവാരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിക്കുന്നതിനും പ്രത്യേക ഓഫിസ് സംവിധാനം ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്ക് ലൈബ്രറി കൗൺസിൽ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണ ഫണ്ടിലേക്ക് ചുള്ളിയോട് അഞ്ചാം മൈൽ നവ ജനത വായനശാല സമാഹരിച്ച ഇരുപതിനായിരം രൂപ ബത്തേരി താലൂക്ക് പബ്ലിക് ലൈബ്രറി കൗൺസിലിന് കൈമാറി. ഗ്രന്ഥശാല പ്രസിഡന്റ് ടി.ടി. രാധാകൃഷ്ണൻ, താലൂക്ക് പബ്ലിക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താറിന് കൈമാറി. ചടങ്ങിൽ ഗ്രന്ഥശാല ഭാരവാഹികളായ രവീന്ദ്രൻ, കെ.ടി. ഷാജു, സി.കെ. എൽദോ എന്നിവർ പങ്കെടുത്തു.
വൈത്തിരി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈത്തിരി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നല്കി. റവന്യൂ മന്ത്രി കെ. രാജന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.കെ. തോമസ്, എന്‍.ഒ. ദേവസി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. സജീഷ്, ജൂനിയര്‍ സൂപ്രണ്ട് എ.വി. സന്ദീപ് എന്നിവരും പങ്കെടുത്തു.
മേപ്പാടി: മുണ്ടക്കൈ - ചൂരൽ മല ഉരുൾപൊട്ടലിൽ പുനരധിവാസം നടത്തുമ്പോൾ മുഴുവൻ തോട്ടം തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സ്ഥിരം വീടു നിർമാണം പൂർത്തിയാവുന്നതു വരെ മാസം ഒരു കുടുംബത്തിന് 15000 രൂപ വീതം ഉപജീവനത്തിന് നൽകണമെന്നും ഹാരിസൺ മലയാളം കമ്പനി മുഴുവൻ തോട്ടം തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തിരിച്ചു പിടിക്കാത്ത തുക നൽകണമെന്നും വയനാട് എസ്റ്റേറ്റ് ലേബർ യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി.സി. ഹരിദാസൻ അധ്യക്ഷതവഹിച്ചു. സി.എച്ച്. മമ്മി, യു. കരുണൻ, കെ.ടി. ബാലകൃഷ്ണൻ, ടി.ആർ. ശ്രീധരൻ, പി.കെ. മുരളി, പി.വി. സുരേഷ്, മുഹമ്മദ് ഷാഫി, കെ. സെയ്തലവി എന്നിവർ സംസാരിച്ചു.
കല്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളെല്ലാം ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു.
അഡ്വ. ടി. സിദ്ദീഖ് നേതൃത്വം നല്കുന്ന എം.എല്‍.എ കെയറിന്റെ ഭാഗമായാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്. എം.എൽ.എ കെയറിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് ഇത്തരം ബാക്ക് ടു ഹോം കിറ്റുകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് ടി. സിദ്ദീഖ് അറിയിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ടി. ഹംസ അധ്യക്ഷതവഹിച്ചു. പി.പി. ആലി, കെ.വി. പോക്കര് ഹാജി, ബി. സുരേഷ് ബാബു, സലീം മേമന, തിരുഹൃദയ ചര്‍ച്ച് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍, ഗിരീഷ് കല്പറ്റ, ഒ.വി. റോയി, എന്‍. മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
കൽപറ്റ: ഉരുൾപൊട്ടലിനിരയായവർക്ക് സഹായഹസ്തവുമായി തെലങ്കാന പഞ്ചായത്തീരാജ് ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയ സീതക്ക. തെലങ്കാനയിൽനിന്നുംഎത്തിച്ച അവശ്യവസ്തുക്കൾ വിതരണം ചെയ്തശേഷം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. രണ്ടുമാസത്തെ ശമ്പളം ഉൾപ്പെടെ 15 ലക്ഷം രൂപ രാഹുൽ ഗാന്ധിയുടെ ഭവന നിർമാണ പദ്ധതിയിലേക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലെ കളക്ഷൻ സെന്ററിൽ ദുരന്തബാധിതർക്ക് എത്തിച്ച അവശ്യസാധനങ്ങൾ ടി. സിദ്ദീഖ് എം.എൽ.എക്ക് മന്ത്രി കൈമാറി. വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനും സഹായിക്കാനുമെത്തിയ മന്ത്രിക്ക് എം.എൽ.എ നന്ദി അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി മെംബർ പി.പി. ആലി, ബി. സുരേഷ് ബാബു, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ പൂർണമായും തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എം.എസ്.എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ആദ്യഘട്ടമെന്നോണം 115 വിദ്യാർഥികൾക്കുള്ള കിറ്റുകളാണ് നൽകിയത്. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ സ്കൂൾ പ്രിൻസിപ്പൽ ഉണ്ണി കൃഷ്ണൻ മാഷിന് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ നൽകും. യൂത്ത് ലിഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചേരിൽ ശിഹാബ്, എം.എസ്.എഫ് മുൻ ജില്ലാ സെക്രട്ടറി ഷംസീർ ചോലക്കൽ എന്നിവർ സംബന്ധിച്ചു.
കൽപറ്റ: താൽക്കാലിക പുനരധിവാസവും ദുരന്തവുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങള്‍ക്കും ആളുകള്‍ക്ക് ബന്ധപ്പെടുന്നതിന് വിളിക്കാവുന്ന 1800 2330221 ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. അസിസ്റ്റന്റ് കലക്ടര്‍ ഗൗതം രാജിനാണ് ഹെല്പ് ഡെസ്ക്കിന്റെ ചുമതല. ദുരന്തത്തില്‍പെട്ട് ചികിത്സ കഴിഞ്ഞ് തിരിച്ചു വരുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നതോടൊപ്പം അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇവരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.