കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിൽ ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും. കണ്ടെത്താനാവാത്തവരുടെ കുടുംബത്തിനുള്ള സഹായം നൽകാൻ ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബത്തിന് നൽകിയതു പോലുള്ള മാതൃക പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.
ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ കുട്ടികളുടെ മനസികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികൾ സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി. കുട്ടികളുടെ സംരക്ഷണത്തിനൊപ്പം പഠനമുൾപ്പെടെ കാര്യങ്ങൾക്ക് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണം. ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളിൽ ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തി. ദുരന്തമേഖലയിലെ പരാതിപരിഹാര സെല്ലിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കകം തീർപ് കൽപിക്കാനായില്ലെങ്കിൽ അറിയിക്കണമെന്ന് നിർദേശിച്ചു. ദുരന്തബാധിതർക്കായി പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം.
യുനിസെഫ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന കൗൺസലിങ്ങും മറ്റ് നടപടികളുമാണ് കുട്ടികളുടെ കാര്യത്തിൽ സ്വീകരിച്ചതെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘം 964 വീടുകളിലെത്തി നടപടികൾ സ്വീകരിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഫോസ്റ്റർ കെയർ സംരക്ഷണയിലാണ്.
ഈ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടികൾക്ക് ഈ സേവനം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.