കൽപറ്റ: ഉരുൾദുരന്തത്തിൽ മാതാപിതാക്കളെയും ശേഷമുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. ടി. സിദ്ദീഖ് എം.എൽ.എ മുൻകൈയെടുത്താണ് കൽപറ്റ മണിയങ്കോട് പൊന്നടയിൽ 11 സെന്റ് സ്ഥലത്താണ് 1500 ചതുരശ്രഅടിയിൽ വീട് പണിയുന്നത്. തറക്കല്ലിടൽ വ്യാഴാഴ്ച നടത്തി.
തൃശ്ശൂരിൽനിന്നുള്ള ടൈം ന്യൂസ് എന്ന സ്ഥാപനമാണ് വീട് പണിയുക. 120 ദിവസം കൊണ്ട് പണി പൂർത്തിയാകുമെന്ന് എം.എൽ.എ അറിയിച്ചു. വ്യവസായി ബോബി ചെമ്മണൂർ വീടുനിർമാണത്തിനായി കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ നൽകിയിരുന്നു. ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ പിതാവ് ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരടക്കം കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പിന്നീടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശിയായ ജെൻസൻ സെപ്റ്റംബർ 11നും മരിച്ചു. മുണ്ടേരിയിൽ സർക്കാർ ഒരുക്കിയ വാടകവീട്ടിൽ കഴിയുകയാണ് ശ്രുതി ഇപ്പോൾ.
ജെൻസനോടൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ശ്രുതി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആംബുലൻസിൽ ഇരുന്നാണ് വീടിന്റെ തറക്കല്ലിടൽ ചടങ്ങിന് അവൾ സാക്ഷ്യം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.