പുഴയിലൂടെ ഒഴുകിയെത്തിയത് കെട്ടിപ്പുണർന്ന മൃതദേഹങ്ങൾ, കസേരയിലിരിക്കുന്ന നിലയിൽ ജീവനറ്റ ശരീരങ്ങൾ; മുണ്ടക്കൈയിൽ നെഞ്ചകം വിങ്ങി രക്ഷാപ്രവർത്തകർ

മേപ്പാടി: ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലായിപ്പോയ ഒരു നാടും നാട്ടുകാരും നേരിട്ട ദുരന്തത്തിന്റെ ആഘാതം വാക്കുകളിൽ പോലും ഒതുങ്ങാത്തത്. മനുഷ്യ ശരീരത്തിലാണോ ചവിട്ടി നടക്കുന്നതെന്ന ഭയപ്പാടിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം നടത്തു​ന്നവരുടെ നെഞ്ചു പിടക്കുകയാണ്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങളും മറ്റ് സാമഗ്രികളും എത്തിക്കാൻ സാധിക്കാത്തതിനാൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കൂടുതൽ വ്യാപ്തിയിലുള്ള പരിശോധന നടത്താനും സാധിക്കുന്നില്ല. ഇപ്പോൾ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൃതദേഹങ്ങൾ തിരയുകയാണ് രക്ഷാപ്രവർത്തകർ.

പലയിടത്തും നെഞ്ചുലക്കുന്ന കാഴ്ചകൾക്കാണ് രക്ഷാപ്രവർത്തകർ സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈയിൽ തകർന്നടിഞ്ഞ വീടുകൾക്കിടയിൽ രക്ഷാപ്രവർത്തകരെ കാത്തിരുന്നത് ഹൃദയ ഭേദകമായ കാഴ്ചകളായിരുന്നു. മണ്ണിനടിയിൽ പെട്ട ഒരു വീട്ടിൽ നിന്ന് കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. കോൺക്രീറ്റ് സ്ലാബുകൾ മുറിച്ച് ഈ മൃതദേഹങ്ങൾ പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയാണ്. അതിനാൽ വടംകെട്ടി സ്ലാബുകൾ നീക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തിരച്ചിലിനിടെ ശരീരഭാഗങ്ങളും കിട്ടുന്നുണ്ട്. ചില മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ്. പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ ജീവൻ നഷ്ടമായവരും കൂട്ടത്തിലുണ്ട്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിൽ കണ്ടവർക്ക് ഒരായുസ് മുഴുവൻ ആ പിടച്ചിൽ നെഞ്ചിലുണ്ടാകും. മുണ്ടക്കൈയിൽ ദുരന്തത്തിൽ പുഴയിൽ ഒഴുകിയെതിയ അഞ്ചും ആറും മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു.

പലയിടത്തും പൊലീസിന്റെ കഡാവർ, സ്നിഫർ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്. കോൺക്രീറ്റ് സ്ലാബുകൾക്കിടയിലും കൂറ്റൻ പാറക്കല്ലുകൾക്കിടയിലും ചെളിയിലും രക്ഷാപ്രവർത്തനം അതീവ ദുഷ്‍കരമാണ്. ഇന്നലെ രാത്രി അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിക്കാണ് പുനഃരാരംഭിച്ചത്. സൈന്യത്തിനൊപ്പം ടെറിട്ടോറിയൽ ആർമിയും എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും ആരോഗ്യ പ്രവർത്തകരും പൊലീസും നാട്ടുകാരും തിരിച്ചിലിൽ പങ്കാളികളാണ്. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്നത്. 

Tags:    
News Summary - wayanad landslide rescue operation continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.