മേപ്പാടി: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ചൂരൽ മലയിൽനിന്ന് താൽക്കാലിക പാലത്തിന്റെ നിർമാണം തുടങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ റോഡ് മാർഗം മുണ്ടക്കൈയിൽ കൊണ്ടുവന്നാണ് നിർമാണം തുടങ്ങിയത്. പാലം നിർമാണം നാളെ പൂർത്തിയാകുമെന്ന് ചീഫ് സെക്രട്ടറി വി. വേണു അറിയിച്ചു.
ചൊവ്വാഴ്ച കണ്ണൂരിലെത്തിയ ആദ്യ വിമാനത്തിൽനിന്ന് ഇറക്കിയ പാലം സാമഗ്രികൾ ചൊവ്വാഴ്ച രാത്രിയോടെ തന്നെ ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് 85 അടി നീളമുള്ള ബെയ്‍ലി പാലം നിർമിക്കാൻ സൈന്യം തീരുമാനിച്ചത്. ചെറിയ മണ്ണുമാന്തിയന്ത്രം കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പാലമാണ് നിർമിക്കുന്നത്.
കേരളത്തിൽ ആദ്യമായി കരസേന ബെയ്‌ലി പാലം നിർമിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാത്തിലായിരുന്നു. 2017 ഏപ്രിലിൽ കല്ലടയാറിന് കുറുകെയുള്ള എം.സി റോഡിൽ പത്തനംതിട്ട–കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കാനാണ് താൽക്കാലിക പാലം സൈന്യം നിർമിച്ചത്. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന 55 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള ക്ലാസ് 18 വിഭാഗത്തിലുള്ള പാലമായിരുന്നു ഇത്. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 14ാം എൻജിനീയറിങ് റെജിമെന്റിന്‍റെ മേൽനോട്ടത്തിൽ 50 സൈനികരാണ് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. അഞ്ച് മാസത്തോളം ബെയ്‍ലി പാലത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നു പോയിരുന്നത്. പിന്നീട് പഴയ പാലം നവീകരിച്ച ശേഷം സൈന്യം ബെയ്‍ലി പാലം പൊളിച്ചു നീക്കുകയായിരുന്നു.
രണ്ടാം ലോക മഹായുദ്ധം മുതൽ സൈനിക വാഹനങ്ങൾ അടക്കമുള്ളവയുടെ സഞ്ചാരത്തിനായാണ് ബെയ്‍ലി പാലം ഉപയോഗിച്ചിരുന്നത്. ബെയ്‍ലി പാലത്തിന്‍റെ ഇരുമ്പ് കൊണ്ട് മുൻകൂട്ടി നിർമിച്ച ഭാഗങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാവുന്നതാണ്. ഒരു വശത്ത് നിന്ന് പാലത്തിന്‍റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച ശേഷം തള്ളിനീക്കി എതിർവശത്തെ അടിത്തറക്ക് മുകളിൽ എത്തിച്ചാണ് പാലം ഉറപ്പിക്കുന്നത്. തുടർന്ന് നെട്ട്ബോൾട്ടുകൾ ഉപയോഗിച്ച് സ്പാനുകൾ ബലപ്പെടുത്തും. ശേഷം സ്പാനിന് മുകളിൽ ഇരുമ്പ് പാളികൾ ഉറപ്പിക്കുന്നതോടെ ബെയ്‍ലി പാലം സഞ്ചാരയോഗ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.