ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കും -പ്രതിപക്ഷ നേതാവ്

മേപ്പാടി (വയനാട്): ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്യാമ്പുകളില്‍ പുറത്തു നിന്നെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചാലിയാറിലൂടെ ശരീരഅവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകുന്നു. മണ്ണിനടയില്‍പ്പെട്ടവരെയും ഒറ്റപ്പെട്ടു പോയവരെയും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെ ഏത് സാധത്തിന് കുറവുണ്ടെങ്കിലും പരിഹരിക്കാന്‍ പുറത്തു നിന്നുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സംവിധാനത്തിന് പുറമെയാണിത്. ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തയാറാണെന്ന് എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുമ്പോള്‍ ഫ്രീസറുകളുടെ കുറവുണ്ടായാല്‍ അതിന് പകരമായി ഫ്രീസറുകളുള്ള കണ്ടെയ്‌നുകള്‍ പുറത്ത് നിന്നും എത്തിച്ചു നല്‍കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്താവശ്യം ഉണ്ടെങ്കിലും പരിഹരിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പെട്ടന്ന് വീട്ടിലേക്ക് പോകാനോ ദുരന്തമേഖലയില്‍ വീണ്ടും വീട് പണിയാനോ സാധിക്കില്ല.

മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്നത് വരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തി വാടക നല്‍കുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവരുടെ പട്ടിക എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തയാറാക്കും. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രതിപക്ഷം എല്ലാ സഹകരണവും നല്‍കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Wayanad Landslide: All necessary assistance will be provided to the relief camps - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.