ഉരുള്‍പൊട്ടൽ: മനസ്സ് പതറാതിരിക്കാൻ പ്രത്യേക ദൗത്യം; ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് പ്രത്യേക ക്രമീകരണം. മാനസികാരോഗ്യ ദുരന്ത നിവാരണ സംഘം രൂപവത്കരിച്ചാണ് ഇടപെടൽ.

ഇതില്‍ സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സംഘത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാനസികാരോഗ്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തബാധിതരെ കേള്‍ക്കാനും അവര്‍ക്ക് ആശ്വാസം പകരാനുമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും ഗര്‍ഭിണികളുടെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപ്പെടാം എന്നതിനാലും ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീളുമെന്നതും കണക്കിലെടുത്ത് മാനസിക-സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമായി നിലനിര്‍ത്താന്‍ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് ദുരന്തബാധിത മേഖലയില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. ഇതിനൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും മാനസിക രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി മുടങ്ങാതെ ചികിത്സ നൽകാനും ടീമുകള്‍ക്ക് നിർദേശമുണ്ട്.

മദ്യം-ലഹരി ഉപയോഗത്തിന്റെ ‘വിഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സ നൽകുകയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മറ്റ് റെസ്‌ക്യൂ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാനസികസമ്മര്‍ദ നിവാരണ ഇടപെടലുകളും ഈ ടീം നല്‍കും.

Tags:    
News Summary - Wayanad Landslide: Special mission to keep victim mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.