വയനാട്​: പുനരധിവാസത്തിനൊപ്പം ദുരന്തസാധ്യത മേഖലകളും കണ്ടെത്തണം -ഹൈകോടതി

കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ദുരന്ത സാധ്യതയേറിയ മേഖലകൾ അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തണമെന്ന്​ ഹൈകോടതി. പുനരധിവാസമടക്കമുള്ള കാര്യങ്ങൾക്കായി സ്വീകരിച്ച നടപടികൾ ഓരോ ആഴ്ചയും അറിയിക്കണമെന്ന് സർക്കാരിനോട്​ നിർദേശിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് എല്ലാ വെള്ളിയാഴ്ചയും ആദ്യ കേസായി വിഷയം പരിഗണിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, വയനാട് ഉരുൾപൊട്ടലിൽ പ്രാഥമിക കണക്ക് പ്രകാരം 1200 കോടി രൂപയുടെ നഷ്ടമാണ്​ ഉണ്ടായതെന്ന്​​ സർക്കാർ കോടതിയെ അറിയിച്ചു. ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്.

ഒരു മേഖലയിൽ അസാധാരണ മഴയുണ്ടാവുമ്പോൾ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ സ്ഥിതിഗതികൾ ഏറെ പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ടാണ്​ ഓരോ ആഴ്ചയും നടപടികളുടെ പുരോഗതി വിലയിരുത്തുന്നത്​.

ഉരുൾപൊട്ടലിന്‍റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. വിശദീകരണത്തിന് അഡ്വക്കറ്റ് ജനറൽ സമയം തേടി. മഴ മാറുന്നതോടെ വയനാടിന് പുറത്തുള്ള മേഖലയിലെ പ്രശ്നങ്ങളും പരിഗണിക്കുമെന്ന്​ കോടതി വ്യക്തമാക്കി. തുടർന്ന്​ കേന്ദ്ര ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, നാഷനൽ റിമോട്ട് സെൻസിങ്​ സെന്‍റർ എന്നിവയെയും കേസിൽ കക്ഷി ചേർത്തു.

ദുരന്തമേഖലയിൽ 1555 വീട്​ തീർത്തും വാസയോഗ്യമല്ലാതായെന്ന് സർക്കാർ അറിയിച്ചു. 626 ഹെക്ടറിലെ കൃഷി നശിച്ചു. മൂന്നു പാലം, തദ്ദേശ സ്ഥാപനങ്ങളുടെ 136 കെട്ടിടം, 100 മറ്റു കെട്ടിടം, 209 കട, രണ്ട് സ്‌കൂൾ, ഒന്നര കിലോമീറ്റർ റോഡ്, രണ്ട് ട്രാൻസ്‌ഫോർമർ, 124 കിലോമീറ്റർ വൈദ്യുതി ലൈനുകൾ, 226 കന്നുകാലി എന്നിവയും നഷ്ടപ്പെട്ടു. 231 മരണം സ്ഥിരീകരിച്ചതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

തിരിച്ചറിയാത്ത മൃതദേഹങ്ങൾ ജില്ല ഭരണകൂടം സംസ്‌കരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഇപ്പോഴും കണ്ടെത്തുന്നുണ്ട്​. ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് തിരിച്ചറിയാൻ ശ്രമം നടത്തുന്നുണ്ട്​. വിശദ റിപ്പോർട്ട് പിന്നീട് ഹാജരാക്കാമെന്നും സർക്കാർ അറിയിച്ചു. 

Tags:    
News Summary - Wayanad landslides: Disaster prone areas should be identified along with rehabilitation - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.