വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ആംബുലൻസുകളിൽ മക്കിമല എൽ.പി സ്കൂളിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകുന്നു

കണ്ണീർമലയായി മക്കിമല: പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി

മാനന്തവാടി: വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം 11.40ഓടെയാണ് പൂർത്തിയായത്. മരിച്ച ഒമ്പതു പേരുടെയും മൃതദേഹം ഉടൻ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.

തുടർന്ന് അഞ്ച്പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്‍കിയ മൊഴി.

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ മാനന്തവാടി-തലശ്ശേരി റോഡിൽ തലപ്പുഴ തവിഞ്ഞാൽ 43ാം മൈൽ- വാളാട് റോഡിലെ കണ്ണോത്തുമല കവലയിലായിരുന്നു അപകടം. കൂളൻതൊടിയിൽ ലീല (60), സഹോദരന്റെ ഭാര്യ കാർത്യായനി (65), ശാന്ത (61) മകൾ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (58) എന്നിവരാണ് മരിച്ചത്. ഉമാദേവി (40), മോഹന സുന്ദരി (42), ജയന്തി (38), ലത (38), ജീപ്പോടിച്ച മണി (44) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ളവരാണ്. ലതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാളാടിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വളവും ഇറക്കവുമുള്ള റോഡിൽനിന്ന് നിയന്ത്രണം വിട്ട ജീപ്പ് 25 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും സമീപത്തുള്ളവർ എല്ലാവരേയും സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലുമായി മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.

വടം കെട്ടിയിറങ്ങിയും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാനന്തവാടി അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെങ്കിലും റോഡ് പണി നടക്കുന്നതിനാൽ വാഹനം വേഗത്തിൽ കൊണ്ടുപോകാനായില്ല

സത്യനാണ് ലീലയുടെ ഭർത്താവ്. ധനേഷ്, ധന്യ, ധനുഷ എന്നിവർ മക്കളാണ്. കൂക്കോട്ടിൽ ബാലന്റെ ഭാര്യയാണ് ശോഭന. മക്കൾ: ബബിത, ബൈജേഷ്. കാപ്പിൽ മമ്മുവാണ് റാബിയയുടെ ഭർത്താവ്. മക്കൾ: സുബൈർ, ഹനീഫ, ഹസീന. പത്മനാഭനാണ് ശാന്തയുടെ ഭർത്താവ്. അപകടത്തിൽ മരിച്ച ചിത്രക്ക് പുറമേ ശിവൻ, രവീന്ദ്രൻ എന്നീ മക്കളും ഇവർക്കുണ്ട്. വേലായുധനാണ് (മണി) കാർത്യായനിയുടെ ഭർത്താവ്. ശോഭ, ഷീബ, സിന്ധു എന്നിവർ മക്കളാണ്. പഞ്ചമി ഹൗസിൽ പ്രമോദിന്റെ (ബാബു) ഭാര്യയാണ് ഷാജ. അനഘ, അജയ് എന്നിവർ മക്കളാണ്. കാർത്തിക് ആണ് ചിത്രയുടെ ഭർത്താവ്. രണ്ടു മക്കളുണ്ട്. ചന്ദ്രന്റെ ഭാര്യയാണ് ചിന്നമ്മ. മക്കൾ: സന്തോഷ്‌കുമാർ, ലത, സുധ. തങ്കരാജാണ് റാണിയുടെ ഭർത്താവ്. ജിഷ, ജിതിൻ, ജിതേഷ് എന്നിവർ മക്കളാണ്.

Tags:    
News Summary - wayanad makkimala jeep accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.