ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസുകാരെ കാണാതെ മടങ്ങി; ഡൽഹിയിലെത്തി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക

കൽപറ്റ: എം.പിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക്  ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മടങ്ങിയ പ്രിയങ്ക ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസുകാരെ കാണാതെ മടങ്ങിയത് ആക്ഷേപങ്ങൾക്കിടയാക്കി.

മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിനിടെയാണ് പൊലീസ് ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് സാരമായ പരിക്കേറ്റത്.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും പ്രിയങ്ക സന്ദർശിക്കുമെന്നായിരുന്നു വയനാട്ടിലെ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നെങ്കിലും ഇവരെ കാണാതെ പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. സമയക്കുറവ് മൂലമാണ് സന്ദർശിക്കാതിരുന്നതെന്നാണ് പാർട്ടി വിശദീകരണം. 

ആക്ഷേപങ്ങൾ ഉയർന്നതോടെ  ഡൽഹിയിൽ എത്തിയ ശേഷം പ്രിയങ്ക പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ജില്ല പ്രസിഡൻറ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, സംസ്ഥാന സെക്രട്ടറിയും മൂപൈനാട് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജഷീര്‍ പള്ളിവയല്‍, യൂത്ത്‌ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ അമല്‍ജോയ്, സംസ്ഥാന ജനറൽ ​സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അരുണ്‍ദേവ്, യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അടക്കമുള്ള അമ്പതോളം പേർക്കാണ് പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റത്.

Tags:    
News Summary - Wayanad MP Priyanka Gandhi speaks to Youth Congress workers injured in lathicharge over phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.