കല്പറ്റ: കള്ളാടി മുതൽ ആനക്കാംപൊയിൽ വരെയുള്ള ഇരട്ട തുരങ്കപ്പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രാഥമിക( സ്റ്റേജ് ഒൺ) അനുമതി നൽകിയത് പുനപ്പരിശോധിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വയനാടിന്റെ വികസനത്തിനോ വയനാട്ടിലെ ജനങ്ങൾക്കോ ഒരു പ്രയോജനവും ചെയ്യാത്തതാണ് നിർദ്ദിഷ്ട തുരങ്കം. അതേ സമയം പശ്ചിമഘട്ടത്തിലെ അതീവദുർബലവും ജൈവ വൈവിധ്യത്തിന്റെ മർമ്മ കേന്ദ്രവുമായ മലനിരകളുടെയും വയനാടിന്റെയും ശവക്കുഴി തോണ്ടുന്നതാണ് തുരങ്കപാത. തെറ്റായ വികസനം കൊണ്ട് തകർച്ചയുടെ നെല്ലിപ്പടിയിൽ എത്തി നിൽക്കുന്ന വയനാടിന് ഇതു താങ്ങാൻ കഴിയില്ലെന്നും സമിതി ആരോപിച്ചു.
സ്റ്റേജ് ഒൺ അപ്രൂവലിന്ന് ആധാരമായ റിപ്പോർട്ട് സൗത്ത് വയനാട് ഡി.എഫ്.ഒ.യും കോഴിക്കോട് ഡി.എഫ്.ഒയുമാണ് നൽകിയത്. വസ്തുതകൾക്ക് നിരക്കാത്തതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടാണിത്. പ്രദേശം സന്ദർശിക്കുക പോലും ചെയ്യാതെ ആരുടെയോ സമ്മർദ്ദത്തിന്ന് വഴങ്ങിയാണ് റിപ്പോർട്ട് അതിവേഗം അവരുണ്ടാക്കിയത്. പശ്ചിമഘട്ടത്തിൽ എവിടെയുമുള്ള പൊതു ജൈവവൈവിധ്യം മാത്രമേ വെള്ളരിമല, ചേമ്പ്രാമല എന്നിവയടങ്ങിയ കാമൽ ഹംപ് മലകളിൽ ഉള്ളൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐ.യു.സി.എൻ റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ട നീലഗിരി മാർട്ടിൻ, ബാണാസുര ചിലപ്പൻ തുടങ്ങിയവയെക്കുറിച്ചും ഈ ഭാഗത്തുള്ള അപൂർവ്വ സസ്യങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയെക്കുറിച്ചും റിപ്പോർട്ട് മൂടിവെക്കുകയാണെന്നും സമിതി ആരോപിച്ചു.
ഈ ഭൂപ്രദേശം ഉരുൾപൊട്ടൽ, മണ്ണിടിയിൽ മേഖലയാണ്. പ്രദേശത്ത് 2018 ൽ മാത്രം 1321 മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടയിട്ടുണ്ട്. പൂത്തുമല, കവളപ്പാറ, മുണ്ടക്കൈ, എന്നിവ തുരങ്കം കടന്നുപോകുന്ന മലനിരകളുടെ തൊട്ടടുത്താണ്. ഈ വസ്തുത റിപ്പോർട്ടിൽ മറച്ചുവെച്ചു. കോഴിക്കോട് , വയനാട് ജില്ലകളെ ജല സുഭിക്ഷമാക്കുന്ന കബനിയുടെയും ചാലിയാറിന്റെയും പ്രഭവ കേന്ദ്രമാണ് ഇവിടം. ഇത് ഡി.എഫ്.ഒ . മാർക്കറിയാവുന്നതാണ്. വനം-വന്യജീവി സംരക്ഷണത്തിനായി ചുമതലപ്പെട്ട ഡി.എഫ്.ഒ മാർ ഉത്ക്കണ്ഠപ്പെടുന്നത് ചുരത്തിലെ ഗതാഗത സ്തംഭനത്തേക്കുറിച്ചും വയനാടിന്റെ ഗതാഗത വികസത്തെക്കുറിച്ചും ആണെന്ന വിരോധാഭാസവും ഈ റിപ്പോർട്ടിൽ ഉണ്ട്- സമിതി കൂട്ടിച്ചേർത്തു.
തുരങ്കമുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന 17.263ഹെക്ടർ വനഭൂമിക്ക് പകരം അത്രയും വനേതര ഭൂമി യൂസർ ഏജൻസി കണ്ടെത്തി വനം വകുപ്പിനെ ഏൽപ്പിച്ച് റിസർവ്വ് ഫോറസ്റ്റായി നോട്ടിഫൈ ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് സൗത്ത് വയനാട് ഡി.എഫ്.ഒ. കണ്ടെത്തിയിരിക്കുന്ന എളുപ്പവഴി റിബിൽട്ട് കേരള പദ്ധതി പ്രകാരം സൗത്ത് വയനാട് ഡിവിഷനിൽനിന്നും സ്വയം സന്നദ്ധ പുനരധിവാസപദ്ധതി പ്രകാരം ആളുകളെ മാറ്റിപ്പാർപ്പിച്ച ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മടാപ്പറമ്പ് ഗ്രാമങ്ങളിലെ 7.4ഹെക്ടർ ഭൂമി ശിപാർശ ചെയ്തിരിക്കുന്നു. ബാക്കി 10.6ഹെക്ടറിന്ന് ചെതലയം ഫോറസ്റ്റ് റെയിഞ്ചിൽ പാതിരി റിസർവ്വിലെ കുറിച്ചിപ്പറ്റ തേക്കു പ്ലാന്റേഷൻ റിസർവ്വ് വനമായി നോട്ടിഫിഫൈ ചെയ്യണമെന്നാണ് ധരിപ്പിച്ചിരിക്കുന്നത്. 1821 ൽ ബ്രിട്ടീഷുകാർ റിസർവ്വ് ഫോറസ്റ്റായി നോട്ടിഫൈ ചെയ്തതാണ് ഈ കാടെന്ന് അറിയാതെയല്ല ഇതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തുരങ്ക പാതയുണ്ടാക്കുന്ന, പരിസ്ഥിതിത്തകർച്ചയെക്കുറിച്ചും ജൈവ വൈവിധ്യനാശത്തെക്കുറിച്ചും വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. ശേഷം മാത്രമേ സ്റ്റേജ് രണ്ട് സർട്ടിഫിക്കറ്റും അന്തിമാനുമതിയും നൽകാവൂ എന്നും പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ തോമസ്സ് അമ്പലവയൽ അധ്യക്ഷൻ. ബാബു മൈലമ്പാടി , എ.വി. മനോജ് , എൻ. ബാദുഷ , പി.എം.സുരേഷ് , എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.