കൊച്ചി: ദുരന്ത നിവാരണത്തിനായി സംസ്ഥാനത്തിന് അനുവദിച്ച 782.99 കോടി രൂപയുടെ പൊതു ഫണ്ടിൽ (സംസ്ഥാന ദുരന്ത പ്രതികരണ നിധി -എസ്.ഡി.ആർ.എഫ്) നിന്ന് വയനാട് പുനരധിവാസത്തിന് തുക വിനിയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ.
ചൂരൽമല -മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം വിശദമായ മെമ്മോറാണ്ടം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അധിക തുക അനുവദിക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രം ഇതുവരെ അനുവദിച്ച തുക എന്താവശ്യങ്ങൾക്കാണ് വിനിയോഗിച്ചതെന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി. അമിക്കസ്ക്യൂറിയോടും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വയനാട് ദുരന്തവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ഹരജികളാണ് കോടതി പരിഗണിച്ചത്.
ദുരന്തങ്ങൾ നേരിടാൻ പൊതുവായി ഉപയോഗിക്കുന്നതാണ് എസ്.ഡി.ആർ.എഫ് ഫണ്ടെന്നും വയനാട് പുനരധിവാസത്തിന് കേന്ദ്രം പ്രത്യേക ധനസഹായം അനുവദിക്കണമെന്നും സംസ്ഥാന അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു. ദുരന്തമുണ്ടായാൽ പുനരധിവാസ ഫണ്ടും (റിസ്ക് പൂൾ) ആവശ്യമാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. ദുരന്തബാധിതർക്കായി ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിൽ തടസങ്ങളുണ്ടെന്നും ബാങ്ക് വായ്പക്ക് മൊറട്ടോറിയം അനുവദിക്കുന്നതടക്കമുള്ള വിഷയത്തിൽ നിലപാട് അറിയിക്കാമെന്നും കേന്ദ്രത്തിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു.
അടിയന്തര സഹായമായി 214.68 കോടി രൂപ ആഗസ്റ്റ് 19ന് സംസ്ഥാനം ആവശ്യപ്പെട്ടതും പി.എം. റിലീഫിൽ നിന്ന് സഹായം അനുവദിക്കുന്നതും പരിഗണനയിലാണ്. 2024 -25 വർഷത്തെ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ കേന്ദ്രവിഹിതം 291.2 കോടി രൂപയും സംസ്ഥാന വിഹിതം 96.8 കോടിയുമാണ്. മാർച്ച് 31 വരെ മിച്ചമുള്ള 394.99 കോടിയുൾപ്പെടെ 782.99 കോടി രൂപയുണ്ടെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ബാങ്ക് വായ്പയുടെ കാര്യം കേന്ദ്ര സർക്കാറിന് ഒരു സർക്കുലറിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ദുരിത ബാധിതർ കർഷകരാണെന്നും വായ്പയിൽ ഇളവ് അനിവാര്യമാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിൽ എത്ര പേരെ ഉൾക്കൊള്ളാനാകുമെന്ന കാരിയിങ് കപ്പാസിറ്റി പഠനവും ഒരു പ്രത്യേക മേഖലയിൽ ജീവജാലങ്ങൾക്കടക്കം ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള പഠനവും വേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെ എസ്റ്റേറ്റ് ഉടമകൾ എതിർക്കുന്നത് അഡ്വക്കറ്റ് ജനറൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാർക്കറ്റ് വിലയാണ് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതെന്ന് മുൻ ഉത്തരവുള്ളതായി കോടതി ചുണ്ടിക്കാട്ടി. തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.