മാനന്തവാടി: ഇന്നലെകളുടെ ഓർമകൾ അനുവാദമില്ലാതെ കടന്നെത്തുകയാണ് സുന്ദരി അക്കയുടെ മനസ്സിൽ. നീറിപ്പിടയുന്ന ആ ഓർമകൾ അവരുടെ കണ്ണുകളെ നിർത്താതെ നിറച്ചുകൊണ്ടിരുന്നു. എന്നും കളിചിരികളും തമാശകളുമായി തൊഴിലിടങ്ങളിലേക്ക് കൂട്ടുപോയ ആ ഒമ്പതുപേർ ഓർമകളിൽ മാത്രമാണ്. അപകടത്തിൽപെട്ട 13 പേർക്കൊപ്പമാണ് സുന്ദരി അക്കയും കാവേരിയും സ്ഥിരമായി ജോലിക്കു പോയിരുന്നത്.
വ്യാഴാഴ്ച വരെ 15 പേരും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഇരിട്ടിയിൽ വീട്ടുജോലി ശരിയായതിനാൽ വെള്ളിയാഴ്ച സുന്ദരി അക്ക ഇവർക്കൊപ്പം ഇറങ്ങിയില്ല. കാവേരിയാകട്ടെ ചികിത്സാർഥം തമിഴ്നാട്ടിലേക്കു പോവുകയും ചെയ്തു. മരിച്ച ശാന്തയും മകൾ ചിത്രയും കാവേരിയുടെ സഹോദരൻ പത്മനാഭന്റെ ഭാര്യയും മകളുമാണ്.
എല്ലാ ദിവസവും രണ്ടു ട്രിപ്പായാണ് 15 പേരെയും തൊഴിൽസ്ഥലത്ത് എത്തിച്ചിരുന്നത്. വെള്ളിയാഴ്ച രണ്ടു പേർ ഇല്ലാത്തതിനാൽ 13 പേരെയും ഒറ്റ ട്രിപ്പിൽ കൊണ്ടുപോവുകയായിരുന്നു. വൈകീട്ട് ജീപ്പപകടം ഉണ്ടായ വിവരം അറിഞ്ഞതു മുതൽ സുന്ദരിയും കാവേരിയും ആശങ്കയിലായിരുന്നു. കൂടെ ജോലിചെയ്തവർ മരിച്ചെന്നറിഞ്ഞതോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് കരച്ചിലായിരുന്നു സുന്ദരി. ശനിയാഴ്ച ഉച്ചയോടെ മൃതദേഹങ്ങൾ മക്കിമല ഗവ. എൽ.പി സ്കൂളിൽവെച്ച് ഒരു നോക്കുകണ്ട ഇവരുടെ നിലവിളി ഹൃദയഭേദകമായിരുന്നു. ഉറ്റവരുടെ മൃതദേഹങ്ങൾ കാണാനാകാത്ത സങ്കടത്തിലാണ് കാവേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.