വയനാട് ദുരന്തം: പുനരധിവാസം അട്ടിമറിക്കുന്നതിനെതിരെ എച്ച്.എം.എൽ ഓഫീസിലേക്ക് ബഹുജന മാർച്ച്

കൽപ്പറ്റ: വയനാട് ദുരന്തരത്തിൽ ഇരയായവരുടെ പുനരധിവാസം അട്ടിമറിക്കാനുള്ള നീക്കത്തിനതിരെ എച്ച്.എം.എൽ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സി.പി.ഐ(എം.എൽ- റെഡിസ്റ്റാർ). നാനൂറിലേറെ പേർ മരണപ്പെടുകയും നിരവധി ആളുകളെ കാണാതാവുകയും സ്വത്ത് വകകളടക്കം സകലതും നഷ്ടപ്പെട്ട മുണ്ടക്കൈ ദുരന്ത ബാധിതരെയും ദുരന്തമുഖത്ത് താമസിക്കുന്ന ആയിരക്കണക്കായ കുടുംബങ്ങളെയും പുനരധിവസിപ്പിക്കേണ്ടത് ഭരണകൂടത്തിൻറെ ഉത്തരവാദിത്തമാണ്.

ദുരന്തനിവാരണ നിയമപ്രകാരം ഹാരസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകൾ പുനരധിവാസത്തിനായി ഏറ്റെടുക്കുവാനുള്ള ജില്ലാഭരണകൂടത്തിൻറെ നീക്കത്തെ കോടതിയിലേക്ക് വലിച്ചിഴച്ച് കേരള ജനതയെ വെല്ലുവിളിക്കുകയുമാണ് വിദേശ കമ്പനി ഹാരിസൺസ്. ഈ കമ്പനികൾക്ക് ഭൂവുടമസ്ഥയില്ലെന്ന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി.ഹരൻ, മൂൻ അസി. ലാൻഡ് റവന്യൂ കമീഷണർ സജിത് ബാബു, മുൻ ഐ.ജി എസ്. ശ്രീജിത്, ജസ്റ്റീസ് എൽ. മനോഹരൻ, ഡോ.എം.ജി രാജമാണിക്യം തുടങ്ങിയവർ റിപ്പോർട്ടുകൾ നൽകിയിരുന്നു. സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയാണ് റിപ്പോർട്ടുകളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അറിയിച്ചു.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളുമെഴുതിത്തള്ളുക, ഹാരിസൺസുൾപ്പെടെ തോട്ടം മാഫിയകൾ കൈയടക്കിയ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കുക, മുണ്ടക്കൈ ഉൾപ്പെടെ ദുരന്ത മുഖത്ത് താമസിക്കുന്ന ജനങ്ങളെ കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് വയനാട് കലക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങിയത്. അതിന്റെ ഭാഗമായിട്ടാണ് പുനരധിവാസം അട്ടിമറിക്കുന്ന എച്ച്.എം.എൽ കമ്പനിയുടെ അരപ്പറ്റയിലെ ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്തുന്നത്.

തോട്ടം തൊഴിലാളികളും ആദിവാസികളുമുൾപ്പെടെ പതിനായിരങ്ങൾ ഭൂരഹിതരും പാർപ്പിടരഹിതരുമായി ദുരിത ജീവിതം നയിക്കുമ്പോഴാണ് ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികൾ വയനാട്ടിലും ഇതര ജില്ലകളിലുമായി, ലക്ഷക്കണക്കിന് ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈയടക്കി വച്ചിരിക്കുന്നത്. ഹാരിസൺസുൾപ്പെടെയുള്ള തോട്ടം മാഫിയകൾ നിയമവിരുദ്ധമായി കൈയടക്കിയ മുഴുവൻ ഭൂമിയും നിയമനിർമാണണത്തിലൂടെ സർക്കാർ ഏറ്റെടുക്കണമെന്ന് ഡോ. എം.ജി. രാജമാണിക്കം റിപ്പോർട്ട് 2016 ൽ റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ, നിയമ നിർമാണത്തിലൂടെ ഭൂമി ഏറ്റെടുക്കാതെ തോട്ടം ഉടമകളെ സഹായിക്കുകയാണ് പിണറായി സർക്കാർ. കാർഷികമേഖലയിൽ തൊഴിലെടുത്ത് ജീവിച്ചിരുന്ന ആദിവാസികളും ദലിതരുമുൾപ്പെടുന്ന മർദിത ജനതയെ സെറ്റിൽമെൻറുകൾ എന്നറിയപ്പെടുന്ന ജാതിക്കോളനികളിൽ തളച്ചിടുകയാണെന്നും കുഞ്ഞിക്കണാരൻ പറഞ്ഞു. 

Tags:    
News Summary - Wayanad Tragedy: Mass March to HML Office Against Sabotage of Rehabilitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.