കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്കപാത അതീവ പരിസ്ഥിതി ലോല മേഖലയില്‍. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലെ ഈ പ്രദേശങ്ങള്‍ സംസ്ഥാനത്ത് തന്നെ മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ളതാണെന്ന് 2019ലെ വയനാട് ജില്ല ഡിസാസ്റ്റര്‍ മാനേജ്മെൻറ് പ്ലാനില്‍ വ്യക്തമായി പറയുന്നുണ്ട്. തുരങ്കം അവസാനിക്കുന്ന വെള്ളരിമല വില്ലേജിലും മണ്ണിടിയാന്‍ സാധ്യതയുണ്ട്. തുരങ്കം വയനാട്ടിലെത്തുന്ന മേപ്പാടിക്ക് സമീപമാണ് 2018ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പുത്തുമല.
പദ്ധതി പ്രഖ്യാപനം കഴിഞ്ഞിട്ടും തുരങ്കപാതയുടെ സര്‍വേ പോലും തുടങ്ങിയിട്ടില്ല. സര്‍വേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിശദ പരിശോധനക്ക് ശേഷമേ അനുമതി നല്‍കൂവെന്നാണ് വനം വകുപ്പ് പറയുന്നത്. പദ്ധതിയുടെ ചുമതലക്കാരായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനോട് വിശദവിവരങ്ങള്‍ നല്കാന് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കാമല്‍ ഹംപ് (ഒട്ടകത്തിെൻറ പൂഞ്ഞുപോലെ) മലകളായ ചെമ്പ്ര മലക്കും വെള്ളരിമലക്കും ഇടയിലാണ് തുരങ്കപാതയുണ്ടാക്കുന്നത്. കോഴിക്കോട് ജില്ലയിലുള്ള വാവുല്‍മലയും ഇതില്‍പ്പെടും. തുരങ്കം നിര്‍മിക്കുമ്പോള്‍ മലയുടെ നിലനില്‍പ്പിനെ ബാധിക്കും.
പാത കടന്നുപോകുന്നത് ദുരന്തപ്രദേശങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ദിവസം നടന്ന പദ്ധതി പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ സൂചിപ്പിച്ചിരുന്നു. തിരുവമ്പാടി, കള്ളാടി മേഖലകളില്‍ സംഭവിക്കാവുന്ന പ്രകൃതിദുരന്ത സാധ്യതകൂടി കണക്കിലെടുത്തായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയെന്ന് വിശേഷിപ്പിക്കുന്ന പാതക്ക് 900 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഏഴ് കിലോമീറ്ററാണ് ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.