കൊച്ചി: എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് പുതിയ നിർദേശങ്ങൾ മുന്നോട്ടുവെക്കാനൊരുങ്ങി വുമൺ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യങ്ങളിലൂടെ പുതിയ നിർദേശങ്ങളോടെ പരമ്പര ആരംഭിക്കും.
സിനിമാ മേഖലയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.സി.സി പറഞ്ഞു. സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന സിനിമാ പെരുമാറ്റച്ചട്ടമാണ് ഉദ്ദേശിക്കുന്നത്. വിശദാംശങ്ങൾക്കായി കാത്തിരിക്കാനും ഫേസ്ബുക് കുറിപ്പിൽ അഭ്യർഥിക്കുന്നുണ്ട്.
മലപ്പുറം: കേരളം കൊട്ടിഘോഷിച്ച വനിതാമുന്നേറ്റ പ്രൊപ്പഗണ്ടയുടെ കരണത്തേറ്റ അടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച ചർച്ചസംഗമം അഭിപ്രായപ്പെട്ടു. ‘മൊറാലിറ്റി ഈസ് ഫ്രീഡം’ എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ടൗൺഹാളിലാണ് ചർച്ച സംഘടിപ്പിച്ചത്.
കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഭരണകൂടം മുന്നോട്ടുവരണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി റഹ്മാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറ അംഗം പി. റുക്സാന വിഷയമവതരിപ്പിച്ചു. യൂത്ത് ലീഗ് നാഷനൽ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ, ഡോ. സജീല, സമീന അഫ്സൽ, ശിഫ ഹാഷിദ്, ജി.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് ടി. ജന്നത്ത്, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംസ്ഥാന സെക്രട്ടറി കെ.ടി. നസീമ എന്നിവർ സംസാരിച്ചു. വനിതവിഭാഗം സംസ്ഥാന സെക്രട്ടറി ആർ.സി. സാബിറ സ്വാഗതവും മലപ്പുറം ജില്ല പ്രസിഡന്റ് സി.എച്ച്. സാജിദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.