കാസർകോട്: ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കെതിരെ രൂക്ഷ പരാമർശവുമായി കേരള പൊലീസ് മുൻ മേധാവി ടി.പി. സെൻകുമാർ. ജെ.എൻ.യുവിൽ നിറയെ ഗർഭനിരോധന ഉറകളാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പെൺകുട്ടികൾ ഉറങ്ങുന്നത്. പെൺക ുട്ടികൾ മുടികെട്ടുന്നത് പോലും കോണ്ടം ഉപയോഗിച്ചാണ്. ഇത്തരത്തിലുള്ള സർവകലാശാലകൾ നമുക്ക് വേണ്ടെന്നും സെൻകുമാർ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ജെ.എൻ.യുവിലെ ആൺകുട്ടികളുടെ ശുചിമുറിയിൽ നിന്ന് പെൺകുട്ടികൾ ഇറങ്ങി വരുന്നത് താൻ കണ്ടിട്ടുണ്ട്. 40 വർഷം മുമ്പായിരുന്നു അത് -സെൻകുമാർ പറഞ്ഞു.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സെൻകുമാർ വിവാദ പരാമർശം നടത്തിയത്. ഫീസ് വർധനവിനെതിരായ സമരത്തെ പിന്തുണക്കേണ്ടതല്ലെയെന്ന വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സെൻകുമാർ.
നേരത്തെ, ജെ.എൻ.യു ഹോസ്റ്റൽ ഫീസ് വർധനവിനെതിരായ സമരത്തിന്‍റെ സമയത്ത് വിദ്യാർഥികളെ അവഹേളിക്കുന്ന തരത്തിൽ നിരവധി വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഗർഭനിരോധന ഉറ കൊണ്ട് മുടികെട്ടിയ ജെ.എൻ.യു വിദ്യാർഥി എന്ന അടിക്കുറിപ്പിൽ ചിത്രവും പ്രചരിച്ചിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുമ്പേ ഇന്‍റർനെറ്റിൽ ലഭ്യമായ ചിത്രം ജെ.എൻ.യു വിദ്യാർഥിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ റദ്ദാക്കണമെന്നും സർവകലാശാലയിൽ നടന്ന മറ്റൊരു ചടങ്ങിൽ സെൻകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.