തിരുവനന്തപുരം: കാർഷിക നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച സംസ്ഥാനത്തെ ഏക ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിന്റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാതെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജഗോപാൽ പറഞ്ഞതെന്തെന്നു പരിശോധിക്കും. അദ്ദേഹവുമായി സംസാരിക്കാമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ബി.ജെ.പിയിൽ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ബി.ജെ.പിയെ വെട്ടിലാക്കി ഏക എം.എൽ.എ ഒ രാജഗോപാൽ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്.
പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് രാജഗോപാൽ മാധ്യമങ്ങളോടു വ്യക്തമാക്കി. സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തെ അനുകൂലിച്ചാണ് രാജഗോപാൽ സംസാരിച്ചത്. കർഷകർക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ രാജഗോപാൽ എതിർത്തില്ല. പ്രമേയം എതിർപ്പില്ലാതെ പാസായെന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെ സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണ് പ്രമേയത്തെ പിന്തുണച്ചതെതെന്ന് ഒ രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.