ആരാധനാലയങ്ങളിലെ ആയുധ പരിശീലനം: കർശന നടപടിയെന്ന്​ മുഖ്യമന്ത്രി, ആവശ്യമെങ്കിൽ നിയമനിർമാണവും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ആര്‍.എസ്‌.എസ്‌, പോപുലര്‍ ഫ്രണ്ട്‌  പോലുള്ള സംഘടനകള്‍ മാസ്‌ഡ്രില്‍ നടത്തുന്നുണ്ടെന്നും അനധികൃതമായ ഇത്തരം പരിശീലനങ്ങൾക്കെത​ിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.  ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍,  സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ആർ.എസ്​.എസ്​ നടത്തുന്ന ശാഖകളില്‍ ദണ്ഡ്‌ ഉപയോഗിച്ച്​ പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

ആരാധനാലയങ്ങളിലെയടക്കം  ആയുധ പരിശീലനം തടയുന്നതിന്‌ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തും. മാത്രമല്ല പൊലീസ്‌ ആക്ടിലെ വകുപ്പുകള്‍ക്കനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപവത്​കരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുകയാണ്​. ആയുധപരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌. ഇതിനെതിരെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്​.  ആവശ്യമായ മുൻകരുതലും നിരീക്ഷണവും നടത്തുന്നുണ്ട്​. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു കർശന നടപടി സ്വീകരിക്കും. 

കേരള പൊലീസ്‌ ആക്​ട്​ അനുസരിച്ച്​  അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയരക്ഷക്കടക്കം അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ അതിൽ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ല മജിസ്‌ട്രേറ്റിന്‌ മാസ്‌ഡ്രില്‍ നിരോധിക്കുന്നതിന്​ അധികാരമുണ്ട്‌. ഇൗ നിരോധനം നീട്ടാൻ സർക്കാറിനും അധികാരമുണ്ട്​. 

ആരാധനാലയങ്ങള്‍ ഭക്തര്‍ക്ക്‌ സ്വൈരമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്‌. ഇതിനു വിഘാതമായ പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്നുണ്ട്‌. അത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിച്ച്‌ ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത്‌ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്‌. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമുണ്ടായാൽ  കര്‍ശന നടപടിയുണ്ടാകും.

അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലെ ആയുധ പരിശീലനം സ്വകാര്യ വസ്‌തുവിന്‍മേലുള്ള ​ൈകയേറ്റമായാണ്‌ പരിഗണിക്കുന്നത്‌. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. പാലക്കാട്ട്​  ആർ.എസ്​.എസ്​ മേധാവി മോഹന്‍ ഭാഗവത്‌ പതാകയുയര്‍ത്തിയ സംഭവത്തിൽ കൃത്യമായ  നടപടി സ്വീകരിച്ചിട്ടുണ്ട്‌. പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്‌. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ്‌ വേണ്ടെതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Weapon Practice in Temple Pinarayi Vijayan at Assembly-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.