കൊച്ചി: ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്കും സ്കൂളുകൾക്കും ലഭ്യമാക്കാൻ വെബ്സൈറ്റ് ആരംഭിക്കുന്നതിലെ വിജയസാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി. വീടുകളിൽ ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി എരുമേലി മുക്കട ജി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ വിവിധ സ്കൂളുകളിൽനിന്നുള്ള ഏഴ് കുട്ടികൾ മാതാപിതാക്കൾ മുഖേന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് ഈ നിർദേശം നൽകിയത്.
മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുമില്ലാത്തവർക്ക് അക്കാര്യം വ്യക്തമാക്കി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വിധത്തിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷെൻറ സഹായത്തോടെ വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ചാണ് ഹൈകോടതി ആലോചിക്കുന്നത്. വീടുകളിൽ ഒാൺലൈൻ സൗകര്യമില്ലാത്തതിനാൽ പഠനം തുടരാനാവുന്നില്ലെന്നും സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
മുക്കട, ചെല്ലാനം, ചേർത്തല, പത്തനംതിട്ട എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ ലിസ്റ്റും ഇവർ ഹാജരാക്കിയിട്ടുണ്ട്. ഡിജിറ്റൽ സൗകര്യമില്ലാത്തതിെൻറ പേരിൽ പഠനം നിഷേധിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. തുടർന്നാണ് വെബ്സൈറ്റ് തുടങ്ങുന്നത് സംബന്ധിച്ച ആശയം മുന്നോട്ടുവെച്ചത്. വെബ്സൈറ്റ് പരിശോധിക്കുന്നവർക്ക് അർഹരായ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകാനും ഇതിനുള്ള തുക സംഭാവന നൽകാനും കഴിയുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹരജിക്കാർക്ക് ഒാൺലൈൻ പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടി അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. ഹരജി 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.